എത്രയോ ദൂരം നടന്നു തളർന്നു നാം
ഇത്തിരി നേരമിനിയൊന്നിരുന്നിടാം..
പാതയിൽ ദുർഘട യാത്രയ്ക്കിടയിലായ്
പാടേ തളർന്നു വീഴാറായ നാളുകൾ...
നിന്നൂ പരസ്പരംതാങ്ങായി, നീയിനി -
മന്ദമെൻ തോളിൽ തല ചായ്ച്ചുറങ്ങുക.
പാഥേയമൊട്ടുമേ ബാക്കിയില്ലാ, നമ്മൾ
പാതിയിലേറെപ്പടവുകൾ പിന്നിട്ടു.
പച്ചിലച്ചാർത്തിൻ്റെയവ്യക്തമർമ്മരം
കാതോർത്തു നിൽപ്പാണു കാനനകന്യകൾ
പാടുന്നുവോ സാന്ദ്രഗാനപ്രവാഹത്തിൽ
വീണ്ടും കുളിരാർന്നലിഞ്ഞു വെൺചന്ദ്രിക.
ആറുപതിറ്റാണ്ടു പിന്നിട്ട യാത്രയിൽ
ആത്മാവിലുൾച്ചേർന്ന മാധുര്യമത്രയും
വാഴ്വിതിന്നേകി നീയെൻ വാമഭാഗമായ്
വാണൊരാ നാളുകൾക്കെന്തൊരാവേഗമായ്.
കത്തിജ്ജ്വലിക്കുന്ന വേനലിൽ, പൊള്ളുന്ന
നട്ടുച്ച വെയ്ലേറ്റുമിന്നും കണിക്കൊന്ന.
പാതയ്ക്കിരുപുറം കിങ്ങിണി ചാർത്തുന്ന
ദാഹശരത്ക്കാല നാളിലന്നെപ്പൊഴോ
കത്തിച്ചു വെച്ചോരു ദീപ നാളം പോലെ
അത്രയും മിന്നിത്തിളങ്ങിനിൽക്കുന്നു നീ...
അന്നുതൊട്ടിന്നോളമെൻ്റെ മനസ്സിലെ
ശ്രീകോവിലിൽ വാണ ദേവി നീയോമലേ.
പിന്നെയും ജീവിതം പൂത്തും തളിരിട്ടു -
മുണ്ണികൾ നമ്മൾക്കു കൂട്ടായിവന്നതും
ശ്രീലവസന്ത സുഗന്ധാഭജീവിത -
വാടിയിൽ നന്മകളായിപ്പടർന്നതും...
പിന്നെയും എത്രയോ പൂക്കാലമോർമ്മയിൽ
പിന്നിട്ടു നമ്മള ക്ഷീണരായ് ജീവിത -
നൗകയിലേറിത്തുഴഞ്ഞു ലക്ഷ്യത്തിലേ
യ്ക്കെത്തുവാനില്ലിനിയേറെ ദൂരം സഖീ.
ഓർമകൾ പൂക്കുന്ന പൂമരച്ചില്ലയിൽ
ഓമൽപ്പറവകൾ തത്തിക്കളിക്കുന്ന
ചേലിലായെത്രയോ പൊൻകിനാക്കൾ വീണ്ടു-
മെത്തുന്നുവോ നിൻ കിനാവിലെന്നോമലേ.
അല്ലെങ്കിലെന്തിനീ നിദ്രയിൽ നീമെല്ലെ
മന്ദഹാസംപൂണ്ടു സൗമ്യയായ്, ശാന്തയായ്.
ജന്മബന്ധത്തിൻ രഹസ്യവും, ഈ മുഗ്ദ്ധ
കർമ്മകാണ്ഡത്തിൻ മഹത്വവും സത്യമായ്
ആർക്കറിയാവൂ, നിയതി തൻ മാർഗവും
എങ്കിലും നമ്മൾക്കു മോഹിച്ചിടാം പ്രിയേ.
താരാഗണങ്ങളെ, സൂര്യനെ, ചന്ദ്രനെ
തേജസ്സുയിർക്കൊണ്ട സത്യധർമങ്ങളെ,
ഇപ്രപഞ്ചത്തിലെ നന്മയെ സാക്ഷിയായ്..
ഒന്നാഗ്രഹിയ്ക്കുന്നു വീണ്ടുമൊരു ജന്മ
മുണ്ടെങ്കിലും തുണയായി നീയെത്തണേ..!