പൊട്ടിക്കരഞ്ഞും
പരിഭവിച്ചും
എന്റെ ഏകാന്തതയുടെ
സ്വസ്ഥതയിലേക്ക്
ഇടയ്ക്കൊക്കെ
ഊളിയിട്ടിറങ്ങിയുമാണ്
പ്രേമിച്ചത്
ഒറ്റ, ഒറ്റയെന്നാട്ടിയോടിച്ചപ്പൊഴൊക്കെയും
എന്റേതുതന്നെയെന്ന്
അനുവാദമില്ലാതെ
കാൽനഖം മുതൽ മൂർദ്ധാവ് വരെ
പടർന്നുവരിഞ്ഞ്
ശ്വാസം മുട്ടിച്ചുകളഞ്ഞു!
കൊടുംവിഷാദത്തിന്റെ
ഇരുളിമ പടർന്ന
പാതിരാവുകളിൽ
അടുക്കളവാതിലിലൂടെ
ഒച്ചയില്ലാതെവന്ന്
നിനച്ചിരിക്കാതെ പിൻകഴുത്തിൽ
അമർത്തി ഉമ്മവെച്ചതിന്റെ
മിന്നൽക്കുളിര്..
വഴിവേറെയെന്ന് വശം തിരിഞ്ഞിട്ടും
പിന്നെയും മുന്നിലെത്തി
നിന്റെ വഴികളൊക്കെയും എന്നിലേക്കെന്ന്
പൊടുന്നനേ
വലിച്ചടുപ്പിച്ച്..,
പ്രേമിച്ച്..,
വീർപ്പുമുട്ടിച്ചതല്ലേ..
എന്റെമാത്രം ഞാനിടങ്ങളിൽ
നീയാശ്വാസം
എന്നുമുതലാണ്
കുടിൽകെട്ടി പാർപ്പു തുടങ്ങിയത്!?
നീയില്ലാത്ത പകലിന്റെ മഞ്ഞളിപ്പ്..
നരച്ച രാവുകളുടെ വിരസത..
അതേ..,
എത്ര സുന്ദരമായി നീയെന്നെ
കീഴ്പ്പെടുത്തിയിരിക്കുന്നു!
ഒടുക്കം
ഞാനിതാ
നിന്റേതുമാത്രമെന്നോടിയെത്തിയപ്പൊഴേക്കും
ഇത്രമേലെന്നെത്തനിച്ചാക്കുവാൻ
മരണമേ..,
നീ നിന്റെ പ്രണയത്തെയെന്തുചെയ്തു?!