ശ്മശാനങ്ങളിൽ മാത്രം
പൂത്ത് പടർന്ന് നിൽക്കുന്ന
കാട്ടുചെടികളെ കണ്ടിട്ടില്ലേ?
തണ്ടൊടിച്ച് നട്ട്
എത്ര കരുതലോടെ പരിപാലിച്ചാലും
മറ്റൊരിടത്തും
അത്രയാഴത്തിൽ വേര് പടർത്താത്ത
അത്രമേൽ നിറഞ്ഞ് പൂക്കാത്ത
ചില കാട്ടുചെടികളെ?
മരണത്തിൻ്റെ മൗനം മൂടിയ
മണ്ണിൻ്റെ തണുപ്പിനെ
ഇത്രയേറെ
പ്രണയിക്കുന്നതെന്തിനെന്ന് ചോദിച്ചാൽ
ഇലയനക്കങ്ങളുടെ അകമ്പടിയോടെ
അവ നിങ്ങളെ തിരുത്തിയേക്കും.
മരണത്തോളം അർത്ഥമുള്ള
മറ്റേത് മൗനമുണ്ടെന്നോ
മരണത്തിൻ്റെ തണുപ്പിനോളം ഊഷ്മളത
മറ്റെന്തിനുണ്ടെന്നോ
അവ തിരിച്ചു ചോദിച്ചേക്കും.
പറഞ്ഞു തീർക്കും മുൻപേ നിലച്ച് പോയ
കഥകളുടെ ഞരക്കങ്ങളിലേക്ക്
വേരാഴ്ത്തിയതിനെക്കുറിച്ചോ
വിടർന്നു കാണും മുൻപേ അടർന്ന് പോയ
സ്വപ്നങ്ങളെ വാരിച്ചൂടിയതിനെക്കുറിച്ചോ
അവ പറഞ്ഞു തന്നേക്കും.
മരിച്ച മനുഷ്യരെപ്പോലെ
എത്ര ഭ്രാന്തമായ് പൂത്ത് നിന്നിട്ടും
മറവിയിലേക്ക് ഉപേക്ഷിക്കപ്പെടുന്നതിനെപ്പറ്റി
നിങ്ങളോടവ പരിഭവം പറഞ്ഞേക്കില്ല.
പ്രിയപ്പെട്ടവരുടെ ആകാശങ്ങളിലേക്ക്
നക്ഷത്രങ്ങളായ് ചേക്കേറുന്നത് സ്വപ്നം കണ്ട്
അവരുറങ്ങുന്ന മണ്ണിൽ
കാട്ടുചെടികൾ
പിന്നെയും പൂത്തുകൊണ്ടേയിരിക്കും!