പൂവേ പൊലി, പൂവിളി വെറുമൊരു
ആവേശക്കാഹളമല്ല,
സഹ്യാദ്രിച്ചോട്ടിലുയർന്നൊരു
സംസ്കാരശംഖൊലി മാത്രം!
കഥചൊല്ലിയതാവാം,
കളിചൊല്ലിയതാവാം;
മാവേലിത്തമ്പ്രാൻ പോലൊരു
സമ്രാട്ടോ, കഥകളിലുണ്ടോ?
ഇന്നത്തെ ഭരണം നീക്കും
ഇരുപക്ഷച്ചേരിയിലെങ്ങാൻ,
ഇതുപോലൊരു മന്നനെ നിങ്ങൾ
കണ്ടിട്ടോ, കേട്ടിട്ടുണ്ടോ?
രക്തക്കറ വീഴ്ത്തിയതില്ല,
കൊല്ലാക്കൊല ചെയ്തതുമില്ല!
സത്യത്തിൻ നേർവഴി തന്നിൽ,
ധർമ്മപ്പൂമ്പൊലികളുതിർത്തു!
തിരുവോണത്തോണിയിലേറി
ഓർമ്മക്കടൽ തിരകളുതാണ്ടാം,
ചൂടേറ്റൊരു മനസ്സിനെയല്പം
കുളിരോണപ്പാട്ടിൽ മയക്കാം!
പൂവേ പൊലി, പൂവിളി വെറുമൊരു
ആവേശക്കാഹളമല്ല,
സഹ്യന്റ താഴ്വര പാടിയ
സംസ്കാരപ്പൊലിമയതല്ലോ!