(Bindu Dinesh)
വേരുകൾ
ജലത്തെ
ധ്യാനിക്കുന്നതു കണ്ടിട്ടുണ്ടോ?
തൻ്റെ ചെടിക്കു വേണ്ടി
മണ്ണിൻ്റെ ഓരോ സുഷിരത്തിലൂടെയും
ജലത്തിൻ്റെ അവസാനതുള്ളിയുംതേടി
അതലഞ്ഞു നടക്കും
ഏത് കൽവഴികളിലൂടെയും
കൂർത്ത മുളളുകൾക്കിടയിലൂടെയും
ഇഴഞ്ഞു കയറും...
ഏതു പാതാളത്തേയും തട്ടി മാറ്റും..!
പൂക്കളുണ്ടായാൽ മാത്രം
ഓടിയെത്തുന്ന പൂമ്പാറ്റകളുണ്ടാകും.
എന്നാൽ
ജലത്തിനു വേണ്ടി
അലഞ്ഞലഞ്ഞ് വിവശമാകുന്ന വേരുകളോളം പ്രണയം
അവയ്ക്ക് ചെടികളോട് ഉണ്ടാകില്ല.
ഉറപ്പ്.........