നാളുകൾക്കപ്പുറം പെയ്തൊരു മഴയുടെ
കുളിരു കോരുന്നുണ്ടെന്റെയുള്ളിൽ
പനി പിടിക്കുവാനെന്നു തോന്നും വിധം
താപമുയരുന്നുണ്ടെന്റെയുടലിൽ.
പെയ്തു തീർന്നതാണാ മഴയന്ന്
പേർത്തും പേർത്തുമെൻ ഓർമ്മകളിൽ
തോർത്താതെയൂർന്നു പോയതാണോരോ
തുള്ളിയുമെൻ മേനിയിൽ നിന്നും.
മഴ തോർന്ന രാവതിൽ,
മരം പെയ്ത താളത്തിൽ
ഞാൻ കണ്ട സ്വപ്നങ്ങൾ ഉണർന്നിരുന്നു,
പുൽകണ്ണി തുള്ളിയായ് തിളങ്ങി നിന്നു .
മേഘം കനക്കുമ്പോളിളം
വെയിലൊന്നു മായുമ്പോൾ
മനസിലിന്നുമുയരുമൊരു കേളികൊട്ട്,
ഉളളിൽ , തിമിർത്തു പെയ്യുമൊരു മഴയുമൊപ്പം
കാലം തെറ്റിയാ മഴയൊറ്റയായ് പെയ്തപ്പോൾ
ഓർത്തില്ല വേനലിൻ കത്തും വെയിൽ,
ഇന്നുമീ കമ്പിളിക്കുള്ളിലും പടരുന്നു
അന്നേ നിലച്ചൊരാ മഴനനവ്,
ഉള്ളിലൂറും ചൂടിലത് ബാഷ്പമായ് വീണ്ടുമിന്ന്
ഉപ്പും കലർന്ന് പെയ്യുന്നീ കണ്ണുകളിൽ ,
വീണ്ടും നനയുവാൻ ഒറ്റക്കായ് ഞാൻ
പെയ്യാതെ പെയ്യുമീ പെരുമഴയിൽ.