വ്യഥയുടെ ചാരു കസേരയിൽ കിടക്കുന്ന
ആ രൂപം
ആരുടെതുമാകാം
ഉമ്മറത്ത്
വറുതെയിരിക്കുന്നതെങ്ങിനെ
എന്നുപോലും
അയാൾ മറന്നു പോയിരുന്നു
പൊടുന്നനെ
ലാബ്രിൻതിന്റെ ഇടനാഴിയെക്കുറിച്ചും
കാനോ ക്രിസ്റ്റലിലെ ജലപ്പരപ്പിലൂടെ
ഒഴുകിപ്പോയ ഇലകളെക്കുറിച്ചും
മാത്രമായിരുന്നു അയാളുടെ ചിന്ത
ജനാലകൾ പൊടി പിടിച്ചിരുന്നു
അവിടെ
മാഞ്ഞുപോയ സൌഹൃദങ്ങളോ
കാത്തിരിപ്പിന്റെ കണ്ണുകളോ
ഓർമകളുടെ സുഗന്ധം പേറുന്ന കാറ്റോ
എത്തി നോക്കിയിരുന്നില്ല
ഒരിക്കൽ
നിറയെ അക്ഷരങ്ങളുണ്ടായിരുന്ന
പുസ്തകത്താളുകളും ശൂന്യമായിരുന്നു
തുരുമ്പിച്ച വിജാഗിരികൾ കാരണം
ദയാരഹിതമായ വാതിലുകൾ
അടക്കാനോ തുറക്കാനോ കഴിഞ്ഞില്ല
ഭിത്തിയിൽ തെറ്റോ ശെരിയോ എന്നറിയാതെ
ഓടിക്കൊണ്ടിരുന്ന ഘടികാര സൂചി
അവയ്ക്കിടയിൽ ഒളിത്താവളം തീർത്ത്
അശുഭ സന്ദേശം കൈമാറുന്ന
പല്ലികളും ചിലന്തികളും
ആരൊക്കെയോ ഉപേക്ഷിച്ചു പോയ
വാക്കുകൾ
തൂത്തുവാരാതെ
മൂലകളിൽ
ചലനമറ്റു കിടപ്പുണ്ട്
കാലൊടിഞ്ഞ ഒരു പട്ടി
മുറ്റത്തേക്കു കയറാതെ
മണം പിടിച്ച് തിരിച്ചു നടന്നു
അകലെയെങ്ങോ പെയ്യുന്ന മഴയുടെ
നിഴൽ കൊണ്ടു മാത്രം
അയാളൊരു ജീവിതം
പണിതു കൊണ്ടിരുന്നു.