വളവിൽപ്പനക്കാർ The Bangle Sellers by Sarojini Naidu
അമ്പലമുറ്റത്തുത്സവഘോഷം
വന്നൂ ഞങ്ങൾ വള വിൽക്കാൻ
മൃദുലം ലോലം മഴവിൽ വർണ്ണം
വാങ്ങുവതാരീ കൈവളകൾ
മിനുമിനെ മിന്നും സംവൃതരൂപം
മണ്ണിലെ വാഴ്വിന്നടയാളം
അണിയണമാനന്ദത്തോടെന്നും
പത്നിയുമൊപ്പം പൊന്മകളും
വെള്ളിക്കസവിൻ നീലയുടുപ്പാൽ
മാമല മൂടും മഞ്ഞലകൾ
കന്യക നീയും കൈകളിലിതുപോൽ
അണിയണമീ വള ചന്തത്തിൽ
വനകല്ലോലിനി നിന്നുടെ ചാരെ
സ്വപ്നം കണ്ടു മയങ്ങീടും
മൊട്ടുകൾ തൂവുന്നരുണിമയെല്ലാം
ഒപ്പിയെടുത്തതുമീവളകൾ
ഇന്നു പൊടിച്ചോരു തളിരില നീളെ
തരള സുതാര്യത തെളിയുമ്പോൾ
എത്ര മനോഹരമെത്ര മനോജ്ഞ
മിതാരും കണ്ടുകൊതിക്കില്ലേ
പൊൻവെയിൽ മുത്തും ചോളം പോലെ
കാഞ്ചന വർണ്ണമിവയ്ക്കെല്ലാം
പുലരിയിലുണരും നവവധു നിന്നുടെ
കൈകളിലണിയാൻ കൊതിയില്ലേ
നിന്റെ വിവാഹപ്പന്തലിലാളും
അഗ്നിശലാകകൾ പോലിവയും
വർണ്ണോജ്വലമായ് നിന്നുടെയുളളിലെ
രാഗം പോലെ വിളങ്ങുന്നൂ
നിന്റെ ചിരിക്കു സമാനം വളകൾ
ഒത്തുകലമ്പി മടിക്കുന്നൂ
നിൻമിഴിനീരിനു തുല്യം തന്നീ
കൈവളയെല്ലാം മിന്നുന്നൂ
നീണ്ടുകിടക്കും ജീവിതവീഥി
പകുതിയിലേറെ താണ്ടിയവൾ
സ്വർണ്ണമലുക്കായ് നിറയുന്നീവള-
യണിയാൻ വേഗം നീയണയൂ
താലോലിക്കാൻ കൈകൾ സ്നേഹ
പ്പാലായ് മാറാൻ ഹൃദ്‌രക്തം
ഭർത്ത്രസമേതം പൂജകളനവധി
ഭദ്രം നിന്നിൽ തലമുറകൾ
അമ്പലമുറ്റത്തുത്സവമേളം
വന്നൂ ഞങ്ങൾ വളവിൽക്കാൻ
ചില്ലിക്കാശിനു വിറ്റെന്നാകിൽ
അല്ലലൊഴിക്കാം ഞങ്ങൾക്കും