(ബിനു കൊച്ചുവീട്)
കൂർത്തൊരു മുള്ളാലെന്നെക്കുത്തി
കടന്നു പോയവരേ
എന്നുടെ മനവും കീറിമുറിച്ചിട്ടകന്നു
പോയവരേ
വിഷം തീണ്ടും മുള്ളുകളെന്നിൽ
തീർത്ത മുറിവുകളാൽ
ഒഴുകും ശോണം മേനിയിലാകെ
നനവുകളേറ്റീല്ലേ
നനവുകളെന്നിൽ ചേർത്തതാണീ
പുതിയൊരു കുപ്പായം
കീറുകയില്ലിനി മുറിയുകയില്ലിനി-
യെന്നുടെ മനതാരും
ശോഭനമായി നിൽക്കുമിന്നതു
പനിനീർമലർ പോലെ
സൗരഭ്യത്താൽ നിൽക്കുന്നെന്നുടെ
സൗഭഗമതു നേരും
പ്രണയഭാവം ചേർത്തു വച്ചൊരു
വിഷ മുള്ളുകളേ
നിങ്ങൾ തറയ്ക്കും ജീവനുകൾ
പിടഞ്ഞു വീഴുന്നോ?
വിത്തം തേടി യാത്ര ചെയ്യും വിഷ
മുള്ളുകളേ
ച്യുതിയിലമരും മനമത് ചവിട്ടി
അകലുമ്പോൾ
നിങ്ങളറിയുക, നിങ്ങളേറ്റിയ
പാപഭാരങ്ങൾ
എരിച്ചിടും അത് ഭസ്മമാക്കും
നാളുകളകലില്ല
ഓർത്തു വയ്ക്കൂ സത്യഭാവം
കൈവെടിഞ്ഞീടിൽ
എരിച്ചിടുമത് കരിച്ചിടുമാ
സത്യപ്രഭയാലേ...