വിരഹം ദുഃഖമാണത്രമേല്‍ നീറി നീറി മായും ഹൃത്തിടം
ആർക്കു ചൊല്ലാൻ കഴിയുമൊരു പരിഹാരം
ഇല്ലയെന്നു ചൊല്ലുവതാരുമീ ഭൂമിയിൽ
എന്തൊക്കെ സമസ്യക്കുത്തരം തന്നാലും
എത്രയേറെ അറിവിനാല്‍ പൊതിഞ്ഞിരുന്നെന്നാലും
ആർക്കുമറിയാത്തോരുത്തരം ഭൂവിലായ്
മാനവരെന്‍ വിരഹത്തിനെന്തു നല്കും പകരമായ്??
ഈ ഭൂവില്‍ തുല്യമായെന്തുണ്ട് ചൊല്ലു നീ....
കഴിയില്ലായാർക്കുമതിനുത്തരം നല്കുവാന്‍
നിനക്കുമെനിക്കുമൊരുപോലെ ക്ലേശമേ ....
ചുംബനങ്ങളാല്‍ പൊതിഞ്ഞവര്‍
വെള്ളത്തൂവാലയാവദനങ്ങളെ മറച്ചിടുമ്പോള്‍ ...
ചലിക്കുവാന്‍ കഴിയാത്ത മേനിയുമായ് ....
ഉരുവിടാന്‍ കഴിയാത്ത അധരവുമായ് ...
ചേതനയറ്റ ദേഹി എന്നേയ്ക്കുമേ
ഈ ഊഴിയില്‍ നിന്നും പോയ് മറയും
ഒരു പിടി ഓർമകൾ മണ്ണിൽ ലയിക്കുമ്പോള്‍
മാഞ്ഞു പോയാമുഖം വീണ്ടും തെളിയുന്നു
കഴിയില്ല മായ്ക്കുവാനീ ഹൃത്തില്‍ നിന്നും നിന്‍
കോമള മധുരമാമീ വദനം ...!
ജീവനായ് ശ്വാസമായ് നിന്‍ ജീവസാന്നിധ്യം
എന്നാത്മഹൃത്തിലെന്നും കുളിരായ് തണലായ്
മന്ദ മാരുതന്‍ തന്‍ ഇളം കാറ്റായ്
സ്പർശനത്തിരകൾ തന്‍ സ്നേഹസല്ലാപമായ്‍
ഇന്നും ജീവിക്കുമീ മാനസത്തിൽ.