അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ
കൃഷ്ണനെക്കണ്ടു തൊഴുതു ഞാൻ നിൽക്കവേ,
തുമ്പം തിരയടിച്ചാർത്തുയർന്നെന്മന -
മമ്പാടിതന്നി,ലറിയാതണഞ്ഞുപോയ്!
ഗോപികമാരൊത്ത് കേളികളാടുന്ന
ഗോപകുമാരനെക്കണ്ടെൻ ഹൃദാന്തരേ!
കണ്ണൻ്റെ ലീലകളെന്നകതാരിലെ
ക്കണ്ണീർക്കണങ്ങൾ തുടച്ചുമാറ്റീ ദ്രുതം !
കളിചിരി കലഹങ്ങളിടവിട്ട മാനസം
തെളിവാർന്നുകുളിരലയാർന്നു നിൽക്കെ,
"ഉണ്ണീയെവിടെ"യെന്നേറ്റം വിഷാദത്താൽ,
കണ്ണീർ വിലാപമൊന്നുള്ളിൽ തറയ്ക്കുന്നു!
തന്നുണ്ണിയെങ്ങെന്നറിയാതെ കേഴുന്നു
പൊന്നുമോനെ വിളിച്ചലയുമമ്മ!
വികൃതിയിൽ പേടിപ്പെടുത്തുവാനമ്മതൻ
സുകൃതിയാം കണ്ണനൊളിച്ചപോലെ!
മറയത്തൊളിച്ചിരു ന്നൊളികണ്ണുനീട്ടി നീ -
യരയാൽമറപറ്റി നിൽക്കയാണോ ?
കരയുമീയമ്മയെ കളിയാക്കുവാൻ കള്ള-
ച്ചിരിയുമായ് നീയങ്ങൊളിച്ചതാണോ ?
എങ്ങു പോയമ്മതൻ പൊന്മകനെന്നുഞാൻ
വിങ്ങും മനസ്സുമായ് നോക്കിനിൽക്കെ,
ഓർത്തുപോയ് ഞാനെന്റെയമ്മയെയൊരു വേള,
നേർത്ത വാത്സല്യത്തുടിപ്പു പോലെ !
ഉള്ളം കുളിർപ്പിയ്ക്കു,മമ്മവാത്സല്യത്തി-
നെള്ളോളം ഭാഗ്യമില്ലാതെയീഞാൻ!
സങ്കടനീർക്കയ മുത്തീര്യ നീങ്ങുവാൻ
നിൻകഴൽ കൂപ്പി വണങ്ങിനില്പാണു ഞാൻ!!
ഉണ്ണിയെത്തേടിയുരുകുമീയമ്മതൻ
വെണ്ണപോൽ കല്ലുമലിയും വിളികളിൽ,
ഉള്ളത്തിലാഴ്ന്നിറങ്ങീടുന്നു നൊമ്പരം
വെള്ളത്തിലാഴുന്നൊ,രൂതുളിത്തുമ്പു പോൽ !
വിണ്ടുകീറിക്കരളൊട്ടു പിടയ്ക്കുന്ന -
തുണ്ടൊരീയമ്മ,യെന്നുള്ളിലോർക്കുന്നുഞാൻ !
കൂപ്പിയ കൈവിടർത്താതെ കാണുന്നു ഞാൻ,
കാപ്പതിനായിട്ട,ങ്ങഞ്ജലീബദ്ധയായ്!
കാത്തുനില്പൊരീ,യമ്മയെക്കാൺകവേ,
നേർത്തുപോയെൻ മന,മല്ലൽ രുചിച്ചു ഞാൻ!
കൈകൾ നീർത്തിയും കൂപ്പിയുമാ വൃദ്ധ-
യങ്ങകലെയെങ്ങോ പരതുന്നു പുത്രനെ !
"ഉണ്ണീയെവിടെ നീയെന്തിങ്ങണയാത്തൂ,
കണ്ണിനമ്മയ്ക്കൊട്ടും കാഴ്ചയില്ലോർത്തുവോ ?
ഭൂഷയ്ക്കു തോടകൾ ഞാത്തുവാൻ മാത്രമീ
ശേഷി മാഞ്ഞതാം ശ്രോത്ര,മോർത്തീലയോ?
തെല്ലടി നില,ത്തൂന്നുവാനൊട്ടുമേ
എല്ലിനില്ലല്പ ശേഷിയതോർത്തില്ലേ?
ഒക്കെയുമറിയുന്നൊരെൻ പൊന്മക -
നിക്കഥയൊക്കെയും പാടേ മറന്നുവോ ?
ഇത്തരം വിലപിയ്ക്കുന്നൊരമ്മതൻ
ഹൃത്തടം നീറിപ്പെയ്യുന്നു കണ്ണുകൾ !
കണ്ടു നിൽക്കാ,നരുതാതെ കാണികൾ
കണ്ടമാർഗ്ഗേ പിരിയുന്ന കണ്ടു ഞാൻ!
എന്തെതെന്നറിവീ ലെനിക്കെൻ്റെയമ്മ തൻ
ചന്തമുള്ളാനനമുള്ളിൽ തെളിഞ്ഞെത്തി..!
ചെന്നെടുത്തു തഴുകിയാ പാണികൾ
"പൊന്നുമാതെ കരയായ്കതേ വൃഥാ,
എന്തിതിവ്വിധം കേഴുവാനിത്രമേൽ
സന്തപിയ്ക്കുവാൻ?ചൊൽക,കേൾക്കട്ടെഞാൻ "
അത്രയാദരാലുള്ളൊരെൻ ശാഠ്യത്താ-
ലിത്രമാത്രം മൊഴിഞ്ഞവൾ ശാന്തമായ്!
"കണ്ണനെക്കണ്ടു തൊഴുതിടാമെന്നെന്റെ
യുണ്ണിതൻ മൊഴികേട്ടവനൊപ്പമെത്തി ഞാൻ !
എങ്ങു പോയെന്നറിവീല ദൗർഭാഗ്യ-
മിങ്ങണഞ്ഞീ,ലവനെന്തു ഭവിച്ചുവോ ?"
വിങ്ങി നീറുകയാണമ്മ തൻ മനം
താങ്ങും തണലുമാകേണ്ടവനേയോർത്ത് !
തോരാത്തകണ്ണുകൾ പൂട്ടിയാ പ്രാർത്ഥനാൽ
നേരുന്നുണ്ടെന്മകനാപത്തൊഴിയണേ!
നേരമെത്രയോനീങ്ങി,യനന്തമായ്
താരകൾ കൺതുറന്നു പോയംബരേ !
അമ്മയെത്തേടി ,യെത്തിയില്ലമ്മത-
ന്നമ്മിഞ്ഞയുണ്ടു വർന്നവരാരുമേ !
കണ്ടു നിന്നവർ ചൊല്ലിനാരമ്മയെ
കൊണ്ടുവന്നു നടതളളി മക്കളാൽ !
പത്തുമാസ മുദരത്തിലേറ്റിയു -
മൊത്തൊരാളായ് വളർത്തിയെടുത്തതും,
ഒട്ടുമോർക്കാതുപേക്ഷിച്ചിതൊറ്റയ്ക്കു
കഷ്ടമീമക്കളെന്തിനീ ഭൂമിയിൽ ?
തട്ടിമാറ്റിയ മക്ക,ളവർക്കില്ല
തൊട്ടു തീണ്ടുവാൻ,ദു:ഖവും സ്നേഹവും !
കൊണ്ടുപോകാനൊരുക്കമല്ലാരുമേ,
തൊണ്ടിനൊക്കുമീ വൃദ്ധയും ഭാരമാം !
ഉണ്ടനാഥ വയസ്സർക്കു മന്ദിരം
കൊണ്ടു ചെന്നാക്കിടാം വേണമെന്നാകുകിൽ !
അമ്മഭാവങ്ങൾ സ്വപ്നേപികാണാത്തൊ-
രെന്മനം വെന്തുനീറിയാ കാഴ്ചയിൽ !
ഇല്ലയംബര ചുംബിതഹർമ്മ്യവും,
ചില്ലു കൊട്ടാരമൊക്കും ശകടവും,
തെണ്ടി ഞാനീത്തെരുവിൻ്റെ സന്തതി -
യുണ്ടു സ്നേഹംകൊതിക്കുന്ന മാനസം!
കൊണ്ടുപോയിടാ മെന്നമ്മയേപ്പോലെ-
യിണ്ടലേൽക്കാതെ കാത്തിടാമെന്നേയ്ക്കും !
അമ്മയെന്തെന്നറിയാതെ മാനുഷർ,
ബ്രഹ്മമെന്തെന്നറിയുവതെങ്ങനെ?
മർത്യനായിപ്പിറന്നവൻ ഞാ,നമ്മ -
ഹൃത്തിലെ സ്നേഹവായ്പറിയാത്തവൻ!
പുത്രനെന്ന പേർ വന്നതു മക്കൾക്കു
ചിത്രമത്രെ പിതാക്കളെ കാക്കയാൽ !
സമ്മതമെങ്കിലൊത്തു പോകാം ഞാനെ
ന്നമ്മയായ്കാണു മീമുഖമെന്നുമേ!
അർത്ഥശങ്കക്കിട വേണ്ട,ചിന്തിയ്ക്ക
അർത്ഥനയെനിക്കുണ്ടെങ്കിൽ പോരുക...!