ആറ്റു നോറ്റ് അയാൾ
ഒരു കവിതയെഴുതി..
കോറിയിട്ട വരികൾ
അമ്മയെ കുറിച്ചായിരുന്നു
മോടിയുള്ള വാക്കുകളിൽ
ഒളിപ്പിച്ച അർത്ഥങ്ങൾ ..
കവിതയാദ്യം വായിച്ചത്
ഒരു പ്രൊഫസറായിരുന്നു ..
അറിവിന്റെ ഉറവിടമായ
ഗ്രന്ഥങ്ങളെക്കുറിച്ചെന്നയാൾ ..
പിന്നെ വായിച്ചത്
ഒരു മീൻകാരനായിരുന്നു ..
അന്നം നൽകുന്ന
കടലിനെ കുറിച്ചെന്നയാൾ ..
പിന്നെ വായിച്ചത്
ഒരു തയ്യൽക്കാരിയായിരുന്നു ..
മുറിച്ച കഷ്ണങ്ങൾ
ചേർത്തുവച്ചൊരു ഉടുപ്പെന്നവൾ ..
കവിത വായിച്ച പുരോഹിതന്
എല്ലാം നൽകുന്ന ദൈവമെന്നായ് ..
ഒരു വീട്ടമ്മക്കോ തന്റെ
പച്ചക്കറിത്തോട്ടമെന്ന് തോന്നി...
ഇത് കണ്ടു രചിക്കപ്പെട്ട
"കവിത" ഊറി ഊറിച്ചിരിച്ചു …
മനുഷ്യന്റെ മനോവ്യാപാരങ്ങളുടെ
വിവിധവർണ്ണ ചില്ലകളിൽ
ചാടിക്കളിക്കുമ്പോൾ നിറം മാറുന്ന
ഓന്താണ് താനെന്നായ് "കവിത"....