മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Neelakantan Mahadevan)

കന്യകയൊരുവൾ വരത്താൽ പെറ്റതാം 
കർണ്ണന്റെ ജന്മം ശാപം നിറഞ്ഞതത്രേ
സൂതൻ നദിയിലൂടൊഴുകിപ്പോയ അ -
നാഥബാലനെ കാണാതിരുന്നെങ്കിലോ?

എന്നുമപമാനഭാരം ചുമന്നുന -
ടന്നോന്റെ,യാപ്തമിത്രമായിത്തീർന്നതു
ദുഷ്ടനെന്നതാം ദുഷ്കീർത്തിയേറെക്കേട്ട
ധാർഷ്ട്യത്തിൻ നേർരൂപം ദുര്യോധനനല്ലോ! 

സവ്യസാചിയാം അർജ്ജുനനെ വെല്ലുന്ന
നവ്യമാം ശസ്ത്രവിദ്യകളറിയുന്നോൻ
ഏവരാലും തഴയപ്പെട്ടുനിൽക്കവേ
സ്നേഹഹസ്തം നീട്ടിയോനെ മറക്കാമോ? 

ജീവൻ വെടിഞ്ഞായാലും മിത്രത്തെ കാക്കും
തോഴനായെന്നും നിന്നു ജാഗരൂകനായ്
ദുര്യോധനന്റെ നിഷ്ഠുരകൃത്യങ്ങൾക്കു -
ള്ളിലിഷ്ടമില്ലാതിരുന്നിട്ടും കൂട്ടായി ! 

മാതാവു വന്നിരന്നിട്ടും കൈവിട്ടില്ല
ഭ്രാതാവിനെക്കാൾ സ്നേഹംതന്ന മർത്യനെ
ജീവൻതന്നെ പോകുമെന്നറിഞ്ഞെങ്കിലും
ചേരിമാറാനൊട്ടുമേ തുനിഞ്ഞതില്ല!

വൻചതിയിൽപ്പെടുത്തിക്കൊല്ലാൻ തുനിഞ്ഞ
അർജുനനോടും തോന്നിയില്ല നീരസം
സൂരജനാണെങ്കിലും സൂതജനായി
പാരിൽ വാഴുന്നതിനേക്കാൾ ഭേദം മൃത്യു!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ