മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു  
ഞെട്ടി ഞാനെന്നുടെപ്രതിരൂപക്കാഴ്ചയിൽ! 

രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ


കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ? 

ആതങ്കതാപത്തിൽ വറ്റി വരണ്ടതോ, 
കണ്ണീർനിറഞ്ഞൊരാകണ്ണാടിപ്പൊയ്കകൾ? 

അരുണിമയാർന്നൊരാ നുണക്കുഴിക്കവിളി-
ലിത്രമേ,ലഭംഗിയിന്നെന്തേ നിറയുവാൻ? 

പാലൊളിപ്പുഞ്ചിരി തങ്ങിനിന്നീടുമാ,
പവിഴാധരങ്ങളിലെന്തിത്ര കാളിമ?

ഹന്ത! വിധിയുടെ ചൂളയിൽ വേവിച്ച-
താരിത്ര, വികലാംഗയായിടാൻ കാലമോ?

വക്രിച്ചു രസിക്കുന്ന പ്രതിബിംബമേ,യി-
ന്നെന്നുൾക്കാമ്പിന്നാശകൾ നീയറിഞ്ഞോ? 

അവികല മോഹനഭാവങ്ങളൊക്കെയു-
മതിമോഹമാണെന്നു നീ നിനച്ചോ?

കൺമഷികൊണ്ടുകറുപ്പിച്ചതാണെന്റെ
വെള്ളിക്കുറുനിരയെന്നിരുന്നാകിലും;

കരിനിറമാർന്നൊരെന്നധരപുടങ്ങളിൽ
ശോണിമക്കൂട്ടണിഞ്ഞ,ക്ഷമയോടിതാ!

വെറുതേതിരഞ്ഞു ഞാനെന്നിഷ്ടരൂപത്തെ
നിമിഷസുഖത്തിന്റെ നിർവൃതിക്കായ്!

അധികരിച്ചീടുന്ന കാലക്കുസൃതിക-
ളംഗീകരിക്കണം രൂപാന്തരങ്ങളായ്? 

ഋതുഭേദങ്ങൾക്കുള്ളിലാഗതമായൊരീ,
സായാഹ്ന ജീവിതം കൈവല്യമാകുമോ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ