ആരോ വന്നിട്ടുണ്ടമ്മേ..
പാൽക്കാരനല്ല, പത്രക്കാരനുമല്ല
വീടിനു പുറത്താരോ
അകത്തേക്കു ശ്രദ്ധിക്കുന്നുണ്ട്.
വാതിലിൽ
ആരോ തട്ടുന്നുണ്ട്
ജനലിനു പുറത്തൊരു നിഴലനങ്ങുന്നുണ്ട്..
ഇല്ലമ്മേ
ഇപ്പോൾ ജനലിനു പുറത്തല്ല
അകത്ത്
അടുത്താരോ അനങ്ങാതെ നിൽപുണ്ട്.
പതുക്കെപ്പതുക്കെ
രൂപം
കർട്ടനു പിറകിൽ നിന്നും
മൊബൈൽ സ്ക്രീനിലെ ചലനതാളങ്ങളിലൂടെ
ആധിയുടെ കാഴ്ചവട്ടത്തേക്കു വെളിപ്പെട്ടു വന്നു.
അവളുടെ വാക്കുകൾ
നേർത്തു പതിഞ്ഞ ശബ്ദത്തിലണഞ്ഞു തീരവേ
വീട്ടിലേക്കുള്ള യാത്രക്കിടയിൽ
നിലവിളിയുടെ തരംഗദൈർഘ്യമായ്
ട്രെയിനിന്റെ ഇരമ്പലിനിടയിലും
അമ്മയുടെ കാതുകളിലേക്കത് പടർന്നു കയറി.
പെട്ടെന്ന്...
മകൾ കണ്ട അതേ രൂപം
അപ്പർ ബർത്തിൽ നിന്നും
അമ്മയുടെ മുമ്പിലേക്ക് ഇറങ്ങി നിന്നു.
പിറ്റേന്ന്
നാട്ടിലേക്കുള്ള തീവണ്ടിയുടെ ആളൊഴിഞ്ഞ കംപാർട്ട്മെന്റിൽ
അനാഥമായൊരു മൊബൈൽ ഫോണും,
അടച്ചിട്ട വീട്ടുവാതിലിനു പുറത്ത്
തലേ ദിവസത്തെ പത്രവും ചലനമറ്റു കിടന്നു.