(ഷബ്‌ന അബൂബക്കർ )
പകയുടെ കറുത്ത പുകയും
വെന്തൂ കരിഞ്ഞു മണക്കുന്നു മാംസവും
കളിക്കോപ്പിനായോടുന്ന ബാല്യത്തെ
വെടിക്കോപ്പിനാൽ തടയുന്നു കാട്ടാളരും.
മാറു ചുരത്തുമാ അമ്മയുടെ
മാറു പിളർക്കുന്നു വെടിയുണ്ടകൾ
വെണ്മയേറുന്ന പാലിലോ പടരുന്നു,
ഭീതി നിറക്കും ചുവപ്പു കലരുന്നു.
നിലക്കാതുയരുന്നു ആർത്ത നാദങ്ങളും
തമ്മിലിടഞ്ഞു ചിതറുന്ന തീ ജ്വാലയും
എങ്ങുമാളിപടർന്നു പിടിക്കുന്നു
ജീവനെയാകെ വിഴുങ്ങുന്നു.
കുടിച്ചിറക്കുന്ന നീരിലും രക്തം രുചിക്കുന്നു
കൂട്ടമായ് മരണം വിഴുങ്ങുന്ന നേരം.
നിരന്നു മലച്ചു കിടക്കുന്നു മാനവർ
വിൽപ്പന വസ്തു പോൽ നിശ്വാസമില്ലാതെ.
തീയുണ്ട തുപ്പുന്ന പക്ഷിയെയും നോക്കി
മരണം മണത്തവർ നിമിഷങ്ങളെണ്ണുന്നു
ഭീതിയാൽ നിദ്രയിൽ ഞെട്ടിയുണരുന്നു
നഷ്ട ബന്ധങ്ങളാൽ നീറി പുകയുന്നു.
ചിന്നി ചിതറിയ ദേഹത്തിനരികിൽ
ശവംതീനിയാം കഴുകന്റെ കൂടെ
വിശപ്പിന്നാലെരിയുന്ന വയറുമായ് പൈതങ്ങൾ
ഉണരുന്ന അമ്മയ്ക്ക് കാവലിരിക്കുന്നു.
രാത്രികൾ പോലും പകലുകളാവുന്നു
കത്തിയമരുന്ന അഗ്നിയിൽ നിന്നും
പാതിവെന്തവർ പ്രാണനു വേണ്ടി
പിടയുന്ന കാഴ്ച്ചയോ ദയനീയചിത്രം.