അനവരതമനവദ്യ മെൻതൂലികത്തുമ്പിലണയും
പദാവലിയെന്നെ വിട്ടെങ്ങുപോയ്?
വരകളും വർണപ്പൊലിമയുമത്രമേൽ
ആശ്വാസദായകമായിരുന്നില്ലയോ....!
നിറയുന്ന ശൂന്യത വിങ്ങും നിമിഷമേ
നീ മാത്രമാണിന്നു മൂകമാംസാക്ഷിപോൽ
നിറയും മിഴികൾ തുടച്ചിടാനാവാതെ
നിസ്സംഗമായ് ഞാൻ തളർന്നിരിക്കുമ്പൊഴും
സുലളിതപദങ്ങളെയാവാഹനം ചെയ്തരികിൽ
വരുത്തുവാനായെന്റെ കൈവശം
കരുതിയതുമില്ലൊരു മാന്ത്രികവിദ്യയും
മായൂരപിഞ്ഛികാ ജാലവുമിന്നു ഞാൻ!
കനിവോടെയെന്നരികിലെത്തുവാനെൻ ദേവി
കരളലിഞ്ഞൊന്നപേക്ഷിപ്പുകാവ്യാംഗനേ ..
തുഞ്ചന്റെശാരികപ്പൈതലിന്നേകി നീ
കൊഞ്ചലിൽ മാധുര്യമേറെയെന്നോമലേ,
കുഞ്ചന്റെ ചടുലമാം തുള്ളലിലനർഗളം
വിങ്ങിവഴിയുന്ന പാലാഴിയായി നീ ....
മഞ്ജരീ ഗാഥയിൽ കണ്ണന്റെ ലീലകൾ
മാധുര്യമോടെത്രചേലിൽ മൊഴിഞ്ഞു നീ....
കനകച്ചിലങ്കകിലുക്കിയും നൽവഞ്ചി താളത്തിൽ
മേളത്തിൽ നന്നായ് തുഴഞ്ഞതും
പ്രേമസംഗീതമതത്ര മേലാർദ്രമായ്
സാഹിത്യമഞ്ജരീ കാവ്യകല്ലോലമായ്
സ്നേഹാർദ്രമായ് അതി കരുണമായ് പാടിയ
കാവ്യ മനോഹരീ നിന്നെ നമിപ്പു ഞാൻ!