തറവാട്ടിലെ കുഴമ്പെണ്ണ മണമുള്ള കട്ടിലിൽ
അവളിരുന്നു. ഭാഗം വെച്ചപ്പോൾ
മുത്തശ്ശിയുടെ കാലശേഷം മക്കൾക്ക് എന്ന
നിബന്ധന വച്ചത് കൊണ്ട് അവിടെ
ഇടിഞ്ഞു പൊളിഞ്ഞ് തൂങ്ങിയിരുന്നു.
ആരും മുൻ കൈയെടുത്ത് അറ്റകുറ്റപണികൾ
നടത്തിയിരുന്നില്ല. ഇനിയിപ്പോ തുടങ്ങുമായിരിക്കും.
ഓർമയിൽ നീണ്ട മുടി കോതിയൊതുക്കുന്ന
മുത്തശ്ശിയാണ്.
"ന്റെ കുട്ടീ കുറച്ച് എണ്ണ തല തൊടീക്കണം
ചകിരി പോലെ ഉണ്ട്. നീ എന്താ അതിൽ
കാട്ടിയത് " .
"അത് കളറടിച്ചതാ മുത്തശ്ശി. "
മുത്തശ്ശി പിന്നെ ഒന്നും മിണ്ടീല്ല. വീഡിയോ
കാൾ വഴി ഹോസ്റ്റലിൽ നിന്ന്
വിളിക്കുമ്പോൾ പറയും.
"നീ എന്താ ഈർക്കിൽ പോലെ
മെലിഞ്ഞിരിക്കണ് " . കഴിക്കാറില്ലേ ഒന്നും .
കുട്ടികൾ പറയും. " നിനക്ക് മുത്തശ്ശി ഒരു
ഭാഗ്യം തന്നെ . "
വയൽ വരമ്പിലൂടെ നല്ല മഴ തോർന്നപ്പോൾ
മുത്തശ്ശിക്കൊപ്പം കുട ചൂടി
നടക്കാറുണ്ടായിരുന്നു. അത് ഏറെ
ഇഷ്ടമാണ് മുത്തശ്ശിക്ക് .
മീനുകൾ തുള്ളി നടക്കുന്ന തോട് .ഇടക്കിടെ
മുകളിലോട്ട് ചാടുന്ന പരന്ന വയറിൽ
കറുത്ത പുള്ളിയുള്ള മീനുകൾ. പിന്നെ നല്ല
ഞൊറിവാലുള്ള മീനുകൾ. എല്ലാത്തിനെയും
കണ്ണു മിഴിക്കെ നോക്കും.
ഞാൻ ജനിച്ചതിലൂടെ മുത്തശ്ശി വീണ്ടും
ചെറുപ്പമായി .പുൽത്തുമ്പത്ത് വീണ
വഴുവഴുത്തമഴത്തുളളി കണ്ണിലുറ്റിച്ച് നടക്കും
വയലറ്റ് പൂക്കൾ നിറഞ്ഞ വയലിലൂടെ ..
പശുക്കിടാങ്ങൾ തലയുയർത്തി നോക്കും.
"ഓ എപ്പം എത്തി എന്ന ഭാവത്തോടെ " .
മഴയിൽ കിളിർത്ത പുല്ലിന്
മധുരമുണ്ടാകുമെന്ന് സംശയിപ്പിക്കുന്ന
തരത്തിൽ കറും മുറും എന്ന ശബ്ദത്തോടെ
അവ പുല്ലു തിന്നുന്നത് നോക്കി നിൽക്കും.
കാലു പൊട്ടിയതോടെയാണ് മുത്തശ്ശി പശു
വളർത്തൽ നിർത്തിയത്.
അത് വരെ
വെളുപ്പിന്
പാലു കറന്ന് മുത്തശ്ശി വിൽക്കുമായിരുന്നു.
മുത്തശ്ശിക്ക് മുമ്പിൽ ഏത് പശുവും തല നീട്ടി
വാലാട്ടി നിക്കും. ഒരു തലോടൽ കൊതിച്ച്.
ആമ്പൽ പൂക്കൾ വയലിൽ
നിറഞ്ഞിരിക്കുന്നു. രണ്ടാമ്പൽ പറിച്ചു
മണത്തു. "
ഹാ എന്തൊരു ഹൃദ്യ സുഗന്ധം "
ഒരിക്കൽ മുറ്റത്ത് മഴയിൽ വീണ ആലിപ്പഴം
കണ്ടുപിടിച്ച് കാട്ടിത്തന്നത് മുത്തശ്ശിയാണ്.
അന്ന് അത് നോക്കി നിന്ന് അമ്പരന്നിരുന്നു.
നീണ്ട 24 വർഷങ്ങൾ അതിന് ശേഷം
ആലിപ്പഴം കണ്ടിട്ടില്ല . വീഴാഞ്ഞിട്ടാണോ
കാണാഞ്ഞിട്ടാണോ എന്നറിയില്ല.
കുമ്പളം വെള്ളരി പടവലം പയർഇങ്ങനെ
എല്ലാം അതിന്റെ സമയത്ത് മുത്തശ്ശി
നടും. നൂറു മേനി വിളയുകയും ചെയ്യും.
മത്തൻ കുമ്പളം ശർക്കര ചേർത്ത്
നെയ്യും ചേർത്ത് പായസമുണ്ടാക്കി ത്തരും .
ബാംഗ്ലൂരിലെ കണ്ണഞ്ചിപ്പിക്കുന്നനഗര
ക്കാഴ്ചകളിൽ വീണ മയങ്ങിയതേയില്ല.
അവൾക്ക് ഈ ഗ്രാമ വിശുദ്ധിയാണ് മനസിലേക്ക് പതിഞ്ഞത്.
അവസാന നാളുകളിൽ മുത്തശ്ശി
ഏറെ അവശയായിരുന്നു. പെട്ടെന്നാണ്
മരിച്ചത്. ഉറക്കത്തിൽ ശാന്തമായി.
അന്ന് Hostelil നിന്ന് ഒരു പാട് കരഞ്ഞു.
"ന്നെ കാണിച്ചിട്ടേ അടക്കാവൂ "
എന്നെയുംകാത്തു നിന്നു.
മുത്തശ്ശിയുടെ പ്രിയപ്പെട്ട മാവ്
ഊക്കൻ ശബ്ദത്തോടെമറഞ്ഞു വീണു.
"ശ്ശൊ തോരാത്ത മഴയാണല്ലോ. "
ആളുകൾ
അടക്കംപറഞ്ഞു. ആരും കാണാതെ അവൾ
മുറ്റത്തിറങ്ങി . വലിയ മഴത്തുള്ളികൾ
മുഖത്തേക്ക് ചിന്നി തെറിച്ചു.
"ന്റെ കുട്ടി വന്നോ "
കണ്ണുനീർത്തുള്ളികൾ മായ്ക്കുന്ന
മഴത്തുള്ളികൾക്ക് മുത്തശ്ശിയുടെ ഗന്ധം