ഇരവിൻ ശ്യാമവർണ്ണ തറ്റുടുത്ത്
ഇന്ദുശകലമേന്തിയ മൂവന്തി പെണ്ണ്
ഇമപൂട്ടിയ പകലിനെയേറ്റുവാങ്ങു മാനേരം
ഉമ്മറപ്പടിയിൽ തെളിയും അമ്മദീപം
ഉണ്മയാം കരുതൽത്തിരി നാളവുമായ്

അമ്മക്കൂടണയാൻ വൈകുമാ ഞാനിന്നും
അമ്മ മനസ്സിലെ നറു പൈതലല്ലോ!

അമ്മതൻ മിഴിയാഴങ്ങളിലുയരും
ആശങ്കയാൽ പൂക്കുമഴലലകൾ

താരാട്ടിനീണം ചാലിച്ചധരങ്ങളിൽ
തന്നുണ്ണിക്കായ് ഉയരും നാമകീർത്തനം

പവിഴനീര് അമൃതായ് ചുരന്നാ മാറിൽ
പവിത്രഹൃദയരസമൂറും വാതസല്യപ്പൊയ്ക

മാതൃത്വം വേരൂന്നിയ നാഭി ച്ചുഴിയിലിന്നും
മായാതെ ഞാനേകിയ ഞെരുക്കത്തിനുടലടയാളം

മോഹങ്ങൾ കുടഞ്ഞിട്ട തൻമാനസചില്ലയിൽ
മാല കോർത്തിട്ടു തന്നുണ്ണി തൻ മോഹങ്ങൾ

മുറ്റത്ത് പതിയുമെൻ
നിഴലാട്ടത്തിൽ
മേഘപഥത്തിലെ മേഘദീപമായ്
മിഴിയിലാശ്വാസപ്പൊൻകതിരൊളി

പരിഭവതുള്ളി കുതിർത്ത കനി വാൽ
പുണരും നീലഞരമ്പോടും മുക്ത ഹസ്തങ്ങൾ

അമ്മതരും കരുതെലെനിക്കിന്നും ആയിരo കണ്ണിന്റെ കരുതലല്ലോ
അമ്മ നഭസ്സിലെന്നുമുദിച്ചുയരും
അരുമ നക്ഷത്രമായതാണെൻ ജന്മ സാഫല്യം
അമ്മയെന്ന ചൊൽവിളിയിലൊതുങ്ങുമോ
അമ്മയാം ജന്മപുണ്യത്തിൻ സാരാംശം

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ