mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇതാ
ഇതു വാങ്ങിച്ചോളൂ
ബലിച്ചോറുരുള പോലെ
പരിശുദ്ധം

വെട്ടിയെടുക്കുമ്പോൾ
കൈവിറയ്ക്കും
നൊന്തു പെറ്റതാണ്,

യന്ത്രത്തിൽ കിടന്നരയുമ്പോൾ
ഊറി വരുന്നത് ചുടുചോരയാണ് സാർ

പാഴ് കിനാവുകളൊക്കെയും
ചളിയും പതയുമായി പൊന്തുന്നത് തേവിക്കളഞ്ഞ്

കൊപ്രയിൽ തിളക്കുന്നത്
വിയർപ്പാണ്
ആർദ്രമായതൊന്നും ബാക്കിയില്ലാതെ പോവുമ്പോൾ
കാലം ഉറച്ചു കട്ടപിടിച്ചു പോവും

ഉരുട്ടിയെടുക്കുമ്പോൾ
പൊള്ളില്ല
ചരിത്രത്തിലെ എല്ലാ ഇഷ്ടികച്ചൂളകളും
ഇതേ കൈവെള്ളകളിലായിരുന്നല്ലോ പുകഞ്ഞത്

ഓരോ ഉരുളയിലും
പതിഞ്ഞു കിടക്കുന്ന
രേഖകൾ ചിതൽ തിന്നു പോയ
അഞ്ചു വിരലുകൾ

ആളെയളക്കുന്ന യന്ത്രത്തിൽ
ഇതേ വിരലമർത്തുമ്പോൾ
ദാരിദ്ര്യക്കാർഡിൽ
അരിയും മണ്ണെണ്ണയും തെളിയാറില്ല സാർ

ശർക്കരയുടെ നിറം
ചോരക്കറയുടെതാകും സാർ
അറയ്ക്കേണ്ട, വാങ്ങിക്കണം സാർ
കേടു വരില്ല , രുചി കൂടും
ഒരലങ്കാരക്കലർപ്പുമില്ല

ഇത് ജീവിതത്തിന്റെ
കവിതയാണ് സാർ,
വായിക്കാതെ പോകരുത്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ