അതിശൈത്യമാണിവിടെ
മരം കോച്ചുന്ന,
മനസ്സു മരവിക്കുന്നത്.
എന്നിട്ടും
ജീവനുള്ളിലൊരു കനൽ
ചെറുത്
സൂക്ഷിക്കുന്നുണ്ട് ഞാൻ,
നീ ദൂരങ്ങൾ താണ്ടി
വിജന വഴിയെ
എന്നിലേക്കടുക്കുമ്പോൾ
നെരിപ്പോടു കൊളുത്താൻ,
നിന്നെ ചുറ്റി നിൽക്കുന്ന
ഇളം ചൂടായിടാൻ!
കാത്തിരിപ്പ്!
ഇലച്ചാർത്തു പെയ്തു തീരുന്നു.
പുതിയ നാമ്പുകൾ കിളിർക്കുന്നു.
നീയിനിയുമെത്തിയില്ല.
വഴി മറന്നതോ, മാറിയതോ?
കാത്തിരിപ്പ്!
ഇപ്പോഴുമെന്നിൽ ബാക്കിയാണ്
നിനക്കു വേണ്ടി കരുതിയ
കനൽ.
ഉരുകിയുഷ്ണിച്ച് വലയുന്നത്
ഞാനാണെന്നത് മാത്രം!
കാത്തിരിപ്പ്!