മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഏകാകിയായിരിക്കുന്നു, ഞാനീയാദ്യ
ബെഞ്ചിനറ്റത്തെ ഇരിപ്പിടത്തില്‍
എന്‍ ചുറ്റിലും അറുപതു കൂട്ടുകാര്‍
തിങ്ങിയിരിക്കുന്നു ആരവത്തില്‍.

ചിരിക്കുന്നു ഞാനവര്‍തന്‍ വാക്കുകളില്‍
രസിക്കുന്നു ഞാനവരോതും കഥകളില്‍
എന്നീട്ടുമെന്തേ എന്‍ ഹൃദയമിതിങ്ങനെ
മിഴിച്ചു നോക്കുന്നു മുന്നിലെ
കറുത്ത ബോര്‍ഡിലേയ്ക്ക്...
ധിടുതിയില്‍ മറയുന്നുവെന്‍ കൂട്ടുകാര്‍
തനിച്ചാകുന്നു ഞാനുമാ കറുത്ത ബോര്‍ഡും
അവിടെ തെളിയുന്നു പല രേഖകള്‍ നിശ്ശബ്ദമായ്
മിഴികളെ വിസ്മയ പൂട്ടിലാക്കി.

തിരിഞ്ഞൊന്നു നോക്കി ഞാന്‍,
ഇതു തീര്‍ച്ച, ആരുമീരേഖകള്‍ കാണ്‍മതില്ല
ചിത്രങ്ങളായെന്നില്‍ അവ പരിണമിക്കേ
നിറയുന്നു നെഞ്ചില്‍ കനല്‍പൊടികള്‍
തിരിഞ്ഞൊന്നു നോക്കി ഞാനപ്പോഴും
ഇതു തീര്‍ച്ച, ആരുമീ ചിത്രങ്ങള്‍ കാണ്‍മതില്ല.

ചിത്രങ്ങളൊക്കവേ ചലിക്കാന്‍ തുടങ്ങിയോ
നെഞ്ചുതുളയ്ക്കുന്ന വേദനയോ...
മുഴുകീയൊഴുകിയാ കറുപ്പിലേയ്ക്ക്
നിസ്സഹായയായ്, പൊള്ളുന്ന ചങ്കുമായ്
അറിയുന്നു ഞാനെന്റെ നഷ്ടപ്പെടലുകള്‍,
എന്‍ വിധിയുമെന്‍ കര്‍മ്മവും,
അറിയുന്നു, അവിടെയെന്‍ ഭാവിയും
ആധിയും ആശങ്കയും.

പിന്നെയും തിരിഞ്ഞൊന്നു നോക്കി ഞാന്‍
ഇതു തീര്‍ച്ച, ആരിലും ഭാവമാറ്റമേതുമില്ല.
എന്‍ ചുറ്റിലും അറുപതുകൂട്ടുകാര്‍
തിങ്ങിയിരിക്കുന്നു ആരവത്തില്‍.

പിടയുന്ന നെഞ്ചും കുറുകുന്ന ചങ്കുമായ്
അസ്വസ്ഥയായും അതിലേറെ
നിശ്ശബ്ദയായ്, ഞാനിരിക്കേ
ചിത്രങ്ങളൊക്കവേ ശബ്ദമുയര്‍ത്തിയോ
പറിച്ചെടുത്തു ഞാനെന്‍ മുഖത്തെയാ
കറുത്ത ബോര്‍ഡിന്റെ ആഴങ്ങളില്‍ നിന്ന്
സഹിപ്പാന്‍ അറിവീല,
കണ്ണീരടക്കട്ടെ ഗോപ്യമായ്.
തിരിഞ്ഞു ഞാനെന്‍ പ്രിയകൂട്ടത്തിലേയ്ക്ക്
എല്ലാം മറന്ന്, ചിരിച്ചൂ വെറുതേ...
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ