(Uma)
ഞാൻ മരിച്ചിരിക്കുന്നു,
അല്ല കൊലചെയ്യപ്പെട്ടിരിക്കുന്നു
ചുറ്റിനും തണുത്തുറഞ്ഞ നിശ്ശബ്ദത
സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം
ചിറക് വിടർത്തി പറക്കാനൊരുങ്ങവെ
തിരിച്ചറിയുന്നു വീണ്ടും കെട്ടുപാടിന്റെ
ബന്ധനം, ഇനിയും തീരാത്ത ബന്ധനം.
ഹേയ്.. ഇനിയും എന്തിനാണെന്നെ
നിന്റെ പാശത്തിൽ കുരുക്കിയിരിക്കുന്നത്
കറുത്ത വസ്ത്രത്തിലെ വെളുത്ത ചിരി
നീ ഇന്നും സ്വതന്ത്രയല്ല, നീ എന്തിന്
നിന്റെ ഇന്നലെകൾ കൂടെ കൂട്ടുന്നു
കർമ്മബന്ധങ്ങളറ്റാലെ സ്വതന്ത്രയാകൂ
ഉള്ളിലേക്കൊന്നു നോക്കി, ശരിയാണ്
അമ്മയുടെ ഉള്ളിൽ രൂപം കൊണ്ടപ്പോൾ മുതൽ
അമ്മയും അച്ഛനും സ്നേഹത്താൽ തീർത്ത ചങ്ങല
ഭൂമിയിലെത്തിയ നിമിഷം മുതൽ ബന്ധുക്കൾ
സുഹൃത്തുക്കൾ, എല്ലാവരും തീർത്ത ചങ്ങലകൾ
അരുതുകളുടെ ചങ്ങലകളുടെ ഭാരം
സ്വന്തം ശരികളുടെ മുകളിൽ നിറച്ച
എരിയുന്ന കൽക്കരി.
കിലുക്കം നഷ്ടമായ ചിരിമുത്തുകൾ
മുറുകുന്ന മാമുലുകളുടെ ബന്ധനം
പിച്ചവച്ച നാൾമുതൽ കാലുകളിൽ വീണ ചങ്ങല
പൊട്ടിവ്രണം വച്ച പാദങ്ങൾ, രക്തം വാർന്ന ഹൃദയം
ആഗ്രഹങ്ങളുടെ കടയ്ക്കൽ മഴുവച്ച് പങ്കിട്ട ജീവിതം
നാവടിക്കിവാണ മാമൂലുകളും ദുരഭിമാനവും...
നിസ്സാഹയതയുടെ തീച്ചൂളയിൽ വെണ്ണീറായ ജന്മം
ആരു സ്നേഹിച്ചു നിന്നെ, അരുമയായ്-
ചേർത്തു നിർത്തിയതൊക്കെയും സ്വാർത്ഥത
ഭൂമിയിൽ പിറന്ന് സ്വത്വം തിരിച്ചറിയാനാവാതെ
ആത്മാഹൂതി ചെയ്യുന്നവർ നിങ്ങളേറെയും
പൊട്ടിച്ചെറിയുന്നു ഞാനെന്റെ കർമ്മബന്ധത്തിൻ
അഗ്നിയിൽതീർത്ത പാശം, ചിറകുകൾ സ്വതന്ത്രമാക്കുന്നു
കറുത്തവസ്ത്രത്തിലെ വെളുത്ത ചിരിയിൽ
ബന്ധനങ്ങളറ്റ് ഞാൻ യാത്രയാകുന്നു
ആർത്തിപൂണ്ട് നാവുനുണയുന്ന ചെന്നായ്ക്കളെ
സ്നേഹച്ചങ്ങലയിൽ ബന്ധനത്തിലാക്കുന്ന
ജന്മദായകരെ...കർമ്മബന്ധങ്ങളെ സ്വതന്ത്രരാക്കുക...