ആത്മാവിലെന്നും വിളങ്ങിനിന്നീടുന്ന,
ചൈതന്യ ദിവ്യപ്രകാശമേ നീ...
തോരാത്ത കണ്ണീരിലൊഴുകിടും
തോണിതന്നമരത്തിരുന്നു നയിച്ചീടണേ...
അതുലിത നന്മതന്നുറവിടമാണു നീ,
കൈവല്യ സ്നേഹത്തിൻ നിറകുടമേ...
ജീവിതവാരിധി തിരമാലയ്ക്കുള്ളി-
ലനുദിനമടിയങ്ങൾ മുങ്ങിടുമ്പോൾ;
കരുണതന്നുറവു തുറന്നു നീയെന്നും
രക്ഷകനായ് ചാരേയണഞ്ഞീടുന്നു!
മാനസം മുറിവേറ്റു മുറ്റും തളരവേ,
താവക തിരുമാർവിലഭയമേകി!
നിർവ്യാജരാഗമറിഞ്ഞിടാതെന്നുള്ളം
പലകുറി പാപത്തിൽവീണുപോകേ,
കരളലിഞ്ഞന്നെ നിൻ തൃക്കരം നീട്ടി
കൈവിടാതെന്നെന്നും കരകയറ്റി!
അനുഭവച്ചൂളയിലുരുകിയൊലിച്ചൊരു
നെയ്ത്തിരിനാളമായെരിഞ്ഞമർന്നു
തിരുഹിതമെന്തെന്നറിഞ്ഞിതാ ഞാനും
നിൻസാക്ഷിയായിടാനൊരുങ്ങിടുന്നു...
അതിരില്ലാദാനങ്ങള,ളവില്ലാതേകുന്ന
ആത്മാവിൻ നാഥനാം നല്ലിടയാ...
പകരമായേകിടാനീ, ജന്മമല്ലാതെ
മറ്റൊന്നുമില്ലയെൻ സ്വന്തമായി..!