ജീവിത മുക്കവലയ്ക്കലശാന്തനായ്,
ഭാവിമാർഗ്ഗം തേടി നിൽക്കുകയാണു ഞാൻ!
ഇവിടെവരെ പഥികർ പലരാരോ നയിച്ചെന്നെ,
ഇവിടെ നിന്നെങ്ങോട്ടെൻ മാർഗ്ഗമെന്നറിയില്ല!
എവിടെയാണെൻ ശാന്തിഗേഹമെന്നറിയില്ല,
അവിടെയണയാനെത്ര ദൂരമുണ്ടറിവീല!
ഇവിടെ നിന്നെങ്ങനെ പോകുമെന്നറിയില്ല,
അവിടെവരെയാരെന്റെ കൂടെയെന്നറിവീല!
പുലഭ്യം പറഞ്ഞുടുപുടവയിൽ ജാതിയെ
നില വിട്ടുതിരയുന്നു കോമരങ്ങൾ മുമ്പിൽ!
ചിലർ മഹാമാരിതൻ ശേഷിയെ വിസ്മരി-
ച്ചലസമായവരന്ത്യയാത്ര പോയീടുന്നു!
പഞ്ഞകാലം പല്ലിളിക്കുന്നുമുമ്പിലെൻ,
നെഞ്ചിടിപ്പിന്റെ യാക്കം പെരുകുന്നു!
എവിടെയും ഭീതകാഴ്ചകൾ, ഉയരുന്നു -
ണ്ടെവിടെ നിന്നറിയില്ലട്ട ഹാസങ്ങൾ നിലവിളികൾ!
അടയുന്നുവീഥികൾ, കരിനിഴൽ വീശിയാ
വിടപങ്ങൾ ഭീകരരൂപം ചമയ്ക്കുന്നു!
*ഒളിതേടിനിൽക്കുമെൻ ബധിരകർണ്ണത്തിൽ നില -
വിളികളതു തീർക്കുന്നു നോവിന്റെമാറ്റൊലികൾ!
രക്ഷയില്ലടി പിന്നോട്ടു വെയ്ക്കുവാൻ
രക്ഷിതാവിന്നുമാവില്ല നിശ്ചയം!
നശ്വര പ്രാണപ്രയാണത്തി നറുതിയീ
വിശ്വമാകെ ക്കാലധർമ്മമൊന്നേ വരൂ!
*ഒളിതേടുക: ഒളിച്ചിരിക്കുക