മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

വിഷംതീണ്ടി മരിച്ചു പോകുന്ന
പെൺകുട്ടികളെ എമ്പാടും കാണാം.
പ്രണയം തീണ്ടി മരിച്ചവരെ നിങ്ങൾ കാണാറുണ്ടോ ?
അവരുടെ
ഓരോ രോമകൂപങ്ങളിൽ നിന്നും
പ്രണയം പൊടിഞ്ഞുകൊണ്ടേയിരിക്കും.

ചില നാഡികൾ, നിനച്ചിരിക്കാതെ
നിമിഷാർദ്ധത്തിൽ തളർന്നുപോകും.
കാണുന്നുണ്ടെങ്കിലും കാണാതെ,
കേൾക്കുന്നുണ്ടെങ്കിലും കേൾക്കാതെ,
ഓർമ്മയുണ്ടെങ്കിലും ഓർക്കാതെ,
ശ്വാസം വലിക്കുന്നുണ്ടെങ്കിലും
ശ്വസിക്കാനാകാതെ
അവരിങ്ങനെ മരിക്കുന്നതുവരെ ജീവിക്കുന്നതായി തോന്നിപ്പിക്കും.

ഹൃദയം നിലച്ചുപോയോ എന്ന്
ചിലസമയത്ത് നമുക്ക്
തൊട്ടുനോക്കേണ്ടതായിവരും ! 

വിഷംതീണ്ടിയാൽ 
പിന്നെയും രക്ഷപ്പെട്ടെന്നുവരാം.
കടവായ് മുറിച്ച് രക്തം കളഞ്ഞാൽ,
അല്ലെങ്കിൽ കൊത്തിയ പാമ്പിനെ 
തിരികെവരുത്തി കൊത്തിച്ചാൽ,   
അങ്ങിനെയങ്ങിനെപല സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷയെങ്കിലുമുണ്ടാകാം.

എന്നാൽ
പ്രണയത്തിന്റെ ഒറ്റക്കൊത്തിന് നെറുംതലവരെ നീലിച്ചുപോയ 
ഒരു പെൺകുട്ടിയെ എന്തുചെയ്യും?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ