ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു.
ഈ മണല്‍ത്തരികളെ പ്രണയിച്ച് മതിവരാതെ...
നിശബ്ദ സ്വപ്നങ്ങളുടെ നനുത്ത മഴച്ചാറ്റലില്‍
പുഴ ശാന്തമായി ഒഴുകി.
ഇരുണ്ട രാത്രികളുടെ ഉന്മാദ വര്‍ഷത്തില്‍
അവള്‍ രൗദ്രയായി.
ഈ മണ്ണിനെ
വാത്സല്യത്തിന്റെ പച്ചപ്പുതപ്പിലുറക്കിയത്
പുഴയെന്ന അമ്മ.
കടലാസുതോണികള്‍ ഇളക്കി മറിച്ച്
കുറുമ്പു കാട്ടിയത്
പുഴയെന്ന കളിത്തോഴി.
ഓളങ്ങളുടെ കൈവിരല്‍ത്തുമ്പ് കൊണ്ട്
ഇക്കിളിപ്പെടുത്തിയത്
പുഴയെന്ന പ്രണയിനി.
എന്നിട്ടും
ആഴ്ന്നിറങ്ങിയ യന്ത്രക്കൈകള്‍
അവളുടെ ഹൃദയപാളികളില്‍ നിന്ന്
ജീവശ്വാസം കവരുമ്പോള്‍
നമ്മള്‍ നിശബ്ദരായിരുന്നു.
പിന്നെ
മണല്‍ത്തിട്ടകള്‍ക്കിടയില്‍ പിടഞ്ഞൊടുങ്ങുന്ന നീര്‍ച്ചാല് നോക്കി സഹതാപം നടിച്ചു.
ഇനി പറയാനുള്ളത് ഇത്രമാത്രം -
ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു...