(Padmanabhan Sekher)
കാത്തിരുന്നൊരു പുതുവർഷം
കൺമുമ്പിലെത്തി കളിയാടുന്നു
കഴിഞ്ഞുപോയ ദിനങ്ങൾ ഇനി
തിരികെ എത്തില്ലെങ്കിലും വൃഥാ
ഓടിഎത്തുന്നു വീണ്ടും മനസ്സിൽ
മറക്കാൻ ശ്രമിക്കുന്ന സ്മരണകൾ
മറക്കാതെ നൂറ്റാണ്ട് കുറിക്കാൻ
പ്രകൃതിതൻ നിയോഗത്താൽ
മഹാമാരി താണ്ഡവമാടിയ വർഷം
മുഖംമൂടി അണിയിച്ച് വീട്ടിൽ
ലളിത ജീവിതം നയിച്ചൊരു വർഷം
മറക്കണം എന്നാഗ്രഹിക്കുന്ന
വർഷം മറക്കാനാവില്ല ഒരിക്കലും
ഓർക്കുവാൻ ഒത്തിരിയുണ്ട് ഈ
കഴിഞ്ഞു പോയ വർഷത്തിൽ
സ്നേഹവും പൊട്ടിച്ചിരികളും
ഒപ്പം മറക്കാൻ ശ്രമിക്കാനായ്
വേദനയും മൺമറഞ്ഞ മുഖങ്ങളും
ഒരുപാട് നൊമ്പരം തന്നാലും
പരിഭവമില്ലാതെ തെറ്റുകൾക്ക്
മാപ്പാക്കി വിടപറയാം കഴിഞ്ഞ
വർഷത്തോട് ക്ഷമയോടെ
സന്തോഷത്തോടെ എതിരേൽക്കാം
പുതു മഴപോലെ പങ്കു വയ്ക്കാം
പുതിയ പ്രതീക്ഷകളുമായെത്തിയ
പുതു വർഷത്തെ സ്നേഹപൂർവ്വം