'പണ്ടൊരർദ്ധരാത്രിയിൽ ഒളിച്ച നിഴൽ പ്രേതം
ഇന്നു കാഷായവസ്ത്രം ധരിച്ചുച്ചയ്ക്കിറങ്ങി.'
ഉച്ചക്കിറുക്കല്ല,യെൻ ഉന്മാദചിന്തല്ല, വെൺ-
പിച്ചകഗന്ധം പോലെ,യുള്ളാലറിഞ്ഞ സത്യം.
ഉള്ളതു ചൊല്ലാൻ ഭയം വെട്ടമ്പത്താറേറ്റാലോ?
ഇല്ലാത്തതോതാൻ ഭയം ഉള്ളു പിണങ്ങിയാലോ?
എഴുതാനുണ്ട് ഭയം മരിക്കാതിരുന്നാലോ?
ഗാന്ധിയാകാനും ഭയം വെടിയേറ്റു വീണാലോ?
നടക്കാനുള്ളിൽ ഭയം നിരത്തിൽ കുഴി കാണാം!
കളിക്കാനേറെ ഭയം കളി കാര്യമായാലോ?
ചിരിക്കാനുണ്ട് ഭയം കരച്ചിൽ കുരുത്താലോ?
ചമയാനുണ്ട് ഭയം നടനം മറന്നാലോ?
കൂടിനില്ക്കാനും ഭയം അടിയന്തരാവസ്ഥ
കൂട്ടിലിട്ടാലോ? മനം കൂട്ടം തെറ്റിപ്പോയാലോ?
കൂടെയിരിക്കാൻ ഭയം, കൂടണയാനും ഭയം,
പാണന്റെ പാട്ടു തുടികൊട്ടാനുമേറെ ഭയം.
പേടിയെൻ പാരതന്ത്ര്യം, തോറ്റംപാട്ടിൻ നിഴലിൽ
പാതിരാനേരത്താടിത്തിമിർക്കും പുലപ്പൊട്ടൻ.
ചിതറുന്നെൻ പളുങ്കുമനസ്സിൽ ജല്പനങ്ങൾ,
ചിതൽപ്പുറ്റുപോൽ മൗനം ഭുജിപ്പൂ നിഴൽ പ്രേതം.