വെറും നിര്‍ജീവമായ, കൈയടികളായപ്പോഴാണ്
വഴിപാടുകളായ് മാറിയ
പ്രഹസനങ്ങളുടെ,
കൈ കൊട്ടലിന്‍ടെ ഭാഷ
കാക്കകള്‍ മറന്നു തുടങ്ങിയത്.
മുറ്റത്തും, തൊടിയിലും
അവയെ കാണാറേയില്ലാത്തത്.
മരക്കൊമ്പുകളിലിരുന്നുള്ള വിളികളും
പൊടുന്നനെ താഴ്ന്ന്, ഇരയെ
കൊത്തിയെടുത്തുള്ള പറക്കലുകളും.
അന്യമായ കാഴ്ചകളായിരിക്കുന്നു.
വിരുന്നുവിളികള്‍ മറന്ന്, കാക്ക
ഗ്രാമങ്ങളിലിന്ന്
സ്വയമൊരു വിരുന്നുകാരനായിരിക്കുന്നു.
വയലില്‍ മേയുന്ന കാലികള്‍
വല്ലപ്പോഴുമെങ്കിലും ഒരു സായാഹ്നസവാരിയ്ക്കായെങ്കിലും
അവയെത്തുമെന്ന പ്രതീക്ഷയില്‍
തലയുയര്‍ത്തി നോക്കുന്നു.
കുന്നിനു മുകളില്‍
ഇലകള്‍, കൊഴിഞ്ഞുണങ്ങുന്ന
ഒറ്റ മരത്തിലെ ശിഖരത്തിലിരിക്കുന്ന
കറുത്ത പക്ഷി
ഒരു ദുഃസ്വപ്നമായ് മാറുന്നു.
കുയിലുകളിപ്പോള്‍ അദ്യശ്യമായ
കാക്കകൂടുകള്‍, തേടി
അനാഥരായി അലഞ്ഞു തിരിയുകയാണ്.
ഇടതൂര്‍ന്ന ഇടവപ്പാതിമഴകളില്‍,
മരക്കൊമ്പുകളില്‍ നനഞ്ഞു ചൂളിയും
അംബരചുംബികള്‍ക്ക് മുകളിലും
റെയില്‍വേപ്ളാറ്റ്ഫോമുകളിലും
ചവറുകൂനകളിലും, കുപ്പത്തൊട്ടികളിലും
ചെക്കേറുന്ന അവയുടെ
ജീവിതസമരം വെറുമൊരു
നഗരക്കാഴ്ചയായി മാറുന്നു.
നീണ്ടു പോകുന്ന വൈദ്യുതിക്കമ്പികളില്‍
അപൂര്‍വ്വമായെങ്കിലും,
ആത്മാര്‍ത്ഥത മങ്ങിയ
സ്വത്വത്തിന്‍
നഷ്ട പരിവേഷം അഴിച്ചു വച്ച്,
മഹത്പ്രതീകങ്ങളുടെ കനത്ത
ഉത്തരവാദിത്വം അവസാനിപ്പിക്കുന്നു.
ഗ്രാമങ്ങളിലേക്കു വളരുന്ന
നഗരങ്ങളിലെന്നോ, അപ്രത്യക്ഷമായ
നന്‍മകളുടെ പരിണാമം ഗഗന നീലിമകള്‍ക്കപ്പുറത്തേയ്ക്കും
കടലിന്നഗാധതകളിലേക്കും
തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.