മൃഗതൃഷ്ണതേടി കുതിച്ചുപായുന്നവൻ
മൃഗനീതികണ്ടു മനസ്സു മടുത്തവൻ;
ഉയിരിന്റെ ചങ്ങലപ്പൂട്ടിൽ കുരുങ്ങിയ
ദുർബലൻ, സ്വാർഥൻ, നരനെന്ന യാത്രികൻ!
ദീർഘപ്രയാണം അനന്തം വിദൂരം
വിസ്മൃതിക്കപ്പുറം നീളുന്ന പാതയിൽ;
പാത വലയ്ക്കുള്ളിൽ വീണു പിടയുന്നു
വീണ്ടും വലക്കണ്ണി ചുറ്റിപ്പിടിക്കുന്നു.
ഓർമത്തിരിവെട്ടം കാണിച്ച കാഴ്ചകൾ
പെരുവഴിയോരത്തു ഭീതി നിറയ്ക്കുന്നു!
ഇഴഞ്ഞും വലിഞ്ഞും കരഞ്ഞും തളർന്നും
വഴികളിൽത്തന്നെ പിടഞ്ഞു ചാവുന്നു!
പൊട്ടിച്ചിരിക്കുവാനല്പമാം ജീവിതം
ചിരിമാറി വീണ്ടും പൊട്ടിക്കരയുവാൻ,
നെറികെട്ട ഭ്രാന്തിന്റെ അർബുദം ബാധിച്ച
ചിന്തയും പേറി മദിച്ചു നടപ്പവൻ!
താനാണുലകിന്റെ ഏകഛത്രാധിപൻ
താനാണു ലോകക്രമത്തിൻ വിധാതാവ്!
താൻ ചെയ്ത ചെയ്തികളൊക്കവേ നന്മകൾ
താനിഷ്ടപ്പെടാത്തവയൊക്കവേ തിന്മകൾ!
ഈവഴിത്താരയ്ക്കു പിന്നിലെന്തെന്നോ,
മുന്നിലെ യാത്രയിൽ കാണ്മതെന്തെന്നോ;
ഇടത്തും വലത്തും അകപൊട്ടി നീളുന്ന
നൂതന പാതകളെത്ര പരശ്ശതം?
എന്റെയിടവഴി, ഗോളപഥങ്ങളും
നക്ഷത്ര മാർഗവും സൗരപ്പൊടിക്കാറ്റും
ആകാശഗംഗാ പ്രവാഹ ഗതികളും
ഒന്നുചേരാത്തതാം വട്ടങ്ങൾ മാത്രമോ?
എന്റെ ജനനവും എൻകളിത്തൊട്ടിലും
എന്റെ വളർച്ചയും എന്റെ തളർച്ചയും;
പെരുവഴിക്കുണ്ടിൽത്തളച്ചിട്ട കാലമേ
ഏതു പരീക്ഷണ ജന്തുവാണിന്നു ഞാൻ?
കാൽനടപ്പാടുകൾ, രഥചക്രചാലുകൾ
ചങ്ങലക്കാലുകൾ കോറിയ രേഖകൾ,
സാഗരപ്പാതകൾ, ആകാശമാർഗങ്ങൾ
എത്തിയിരിക്കുന്ന കാന്തിക പാതകൾ!
ചിത്രം വരയ്ക്കുവാനുണ്ടെത്ര ചാലുകൾ
ദൃശ്യപ്രപഞ്ചപ്പരപ്പിൽ യഥാക്രമം?
കാലമാണ് ഭിത്തിയിൽ യാത്ര വരച്ചിട്ട
ചിത്രങ്ങളൊക്കെയും മാഞ്ഞു മറഞ്ഞു പോയ്!
തടസ്സങ്ങളെത്രയോ വെട്ടിത്തുറന്നു..
ദുർഗങ്ങളെത്രയോ മണ്ണോടു ചേർത്തു,
പോയ വഴികളിൽ വീണ്ടും നടപ്പതോ,
പുതുവഴി വെട്ടലോ, മർത്ത്യന്റെ ജീവിതം?
ചിന്തയും സ്വപ്നവും കൂട്ടിക്കുഴച്ചിട്ട
ജീവിതക്ഷേത്രപ്പടിപ്പുരയ്ക്കുള്ളിലെ
കുട്ടിക്കളികളോ, എകാഗ്രധ്യാനമോ,
കോടിജന്മങ്ങളെ പിന്നിട്ട ജീവിതം?