എന്നോ നിനച്ചിരുന്നതാണെങ്കിലും
കർമ്മരഥം തനിച്ചിറങ്ങിയ നേരത്ത്
നിണം വറ്റിയെൻ പച്ചഞരമ്പുകളിൽ
നരച്ച വാർദ്ധക്യം ചിന്താധാരായായ്
ആരോ നീട്ടിവരച്ചുതന്നായുർരേഖയിൽ
മേനിയണിഞ്ഞ നാട്യഭാവഭാരമില്ലാതെ
മൂകസ്മൃതിന്നിഴൽ ഛായയിലിരിന്നു
കർമ്മമാഴ്ന്നിറങ്ങിയ മനസ്സീറനാക്കണം
അഹം വിഹഗമായ് പറന്നാക്കാലത്ത്
ചിറകറ്റൊരുനാൾ വീഴുമെന്നോർക്കാതെ
മൃതിവാനം പെയ്ത സങ്കടപ്പെരുമഴയോ
നവപിറവിതന്നാമോദത്തൂമഴയോ നനഞ്ഞില്ലാ
ഗതകാല സുസ്‌മേര വിസ്മയനാളിൽ
കർമ്മജീവിത കിളിവാതിലിനപ്പുറം
മണ്ണിൽ കെട്ടിയ മഴയൂഞ്ഞാലാടിയില്ല
നിണനിറപൂക്കൾതൻ ഗന്ധമറിഞ്ഞില്ല
ആദിത്യനാഴിൽ നനഞ്ഞാളുംമാത്രയിൽ
സാന്ധ്യസിന്ദൂര വർണ്ണം പുതച്ചു
മനമുരുകീ നനയണമീ സായന്തതീരത്ത്
മിഴിയിമകളിൽ നിറയെ ശാന്തിയുമായ്
മഞ്ചാടിമണി വാരിയ മണ്ണിൻഗന്ധവും
പിന്നിട്ടവഴിയിലെ കാണാ കാഴ്ചകളും
കർമ്മപഥം പിരിഞ്ഞയീ പുതുവീഥിയിൽ
ഓർമ്മതൻ പൂക്കളായ് വിരിയുമോ?