പണ്ടുനീ, അകലാത്ത കൂട്ടായിരുന്നു
സന്തതസഹചാരിയായിരുന്നു;
കാട്ടിലും നാട്ടിലും നമ്മളൊന്നിച്ചെത്ര
നാളുകൾ പിന്നിട്ടു എത്തിയീ സന്ധ്യയിൽ?
മനുഷ്യ മാംസത്തിൻ രുചിനല്കി നിന്നിൽ
ഭിന്നിപ്പുണർത്തിയ കൗശലമാരുടെ?
ഉമിനീരൊലിക്കുന്ന നാവുമായ് നീയിന്നു
തീക്കണ്ണുമായിക്കുതിക്കുന്ന കാഴ്ചകൾ,
ഭീതിപരത്തും മനസ്സു മന്ത്രിക്കുന്നു
"ശത്രുവായ് മാറി നിൻ വിശ്വസ്ത മിത്രവും!"
ഗ്രന്ഥങ്ങൾ പ്രവചിച്ചയന്ത്യദിനങ്ങളോ,
ജൈവായുധത്തിന്റെ നവ്യരൂപങ്ങളോ?
വേട്ട മൃഗങ്ങളെ തേടിപ്പിടിക്കുവാൻ,
വീടിന്റെ കാവലായ് നോക്കിയിരിക്കുവാൻ;
കുഞ്ഞിനു കൂട്ടായി കൂടെ നടക്കുവാൻ,
സ്നേഹവും ത്യാഗവും സമ്പന്നമാക്കിയ
നായതൻബുദ്ധി പിഴപ്പിച്ച ക്രൂരതേ;
ആരുടെ ഒക്കത്തിരുന്നിവിടെത്തി നീ?
നിന്നെപ്പിടിക്കുവാൻ വന്ധ്യംകരിക്കുവാൻ
സർക്കാരു മുന്നിട്ടിറങ്ങുന്ന വേളയിൽ;
ഊറിച്ചിരിച്ചുനീ മൂത്രം തളിച്ചിട്ടു
ചോദിച്ച കേട്ടു ഞാൻ, " പേയുള്ള രാഷ്ട്രീയ
നായ്ക്കളെയാരുണ്ടു വന്ധ്യം കരിച്ചിട്ടു
നാടിന്റെയുള്ളിലെ പേടിയകറ്റുവാൻ?