എന്തിനു നീയിന്നു കേഴുന്നു മാനവാ
നിൻ കണ്ണിൽ കാണുന്ന കാഴ്ചകൾ ഭീകരം
അന്നു ഞാൻ കേണു നിൻ മുന്നിൽ ഈ വിധം
കേട്ടില്ല നീയന്നു കേട്ടതായി ഭാവിച്ചില്ല.
എൻ കണ്ണ് നീറുമ്പോൾ പടർന്നു നിൻ ചുണ്ടിലോ
പരിഹാസ പുഞ്ചിരി, അട്ടഹാസങ്ങൾ വേറെയും
മേനി നോവുന്നെന്ന് ചൊല്ലി ഞാൻ നീയെന്നെ
വെട്ടി നോവിക്കും നേരം നിൻ കാതിലായ്
എന്തു നീ ചെയ്തിടും? എന്ന് നീ ചോദിച്ചു
ഒന്നുമേ കഴിയാതെ മൗനയായ് ഞാൻ നിന്നു
നിൻ അമ്മ തൻ രോദനം ഒന്നുമേ കേൾക്കാതെ
വെട്ടിയരിഞ്ഞിലേ എന്നെ നീ മാനുഷ്യാ?
ആദിമ മാനുഷ്യര് കാത്തു സൂക്ഷിച്ചയെൻ
കലവറ നീയിന്നു തരിശു നിലമാക്കി തീർത്തില്ലേ?
പണിയുന്നു കൂറ്റൻ കെട്ടിടം എന്തിനോ
അണയുന്നു എന്നിലെ തിരി നാളം നിശ്ചയം
നികത്തുന്നു പാടങ്ങൾ, തോടുകൾ, പിന്നെയോ
നാശ കൂമ്പാരമാക്കിടും സർവവും
തീർത്തത് നീയെന്നെ എന്ന് നീ ചിന്തിച്ചു
ഭോഷനാം മാനവാ നീ സ്വയം തീരുന്നു
വെട്ടി പിടിക്കുവാൻ ഓടിയ ഓട്ടങ്ങൾ
നിൻ സ്വയം നാശത്തിനെന്നു നീ ഓർത്തില്ല
നിൻ ക്രൂര ചെയ്തികൾ ചെയ്തത് മൂലമേ
സാധു ജീവികൾ പോലും നിന്നെ ശപിക്കുന്നു
അന്നു ഞാൻ നിൻ മുന്നിൽ ദയയോടെ നിന്നു
ഇന്ന് നീ എൻ മുന്നിൽ നില്കുന്നു ഭയമോടെ
സംഹാര താണ്ഡവം ആടുവാൻ ഞാനിതാ
വന്നിടും നിൻ ദ്രോഹ ചെയ്തികൾ തീർക്കുവാൻ
കത്തുന്ന അഗ്നിയുണ്ടെന്നിൽ നിനക്കായ്
തീർത്തൊരു അഗ്നികുണ്ടം വേറെയും