എനിക്ക് മഴയോടായിരുന്നു പ്രണയം
നേർത്ത് പെയ്തു തുടങ്ങുന്ന സ്നേഹം
പിന്നെ പതിയെ തീവ്രമായി ഒടുവിൽ
ആർത്തലച്ചെത്തുന്ന സ്നേഹമഴ..
പ്രിയമോടെ കൈപിടിച്ച് മുട്ടിയുരുമ്മി
അധരത്തിലെ നീർത്തുള്ളികളൊപ്പിയെടുക്കാൻ
നനഞ്ഞ തനുവിൽ ചേർന്നു നിന്നാ നെഞ്ചിൽ
മുഖമൊളിപ്പിക്കാൻ...
ആ നേർത്ത തണുപ്പിനെ ഉള്ളിലേക്കെടുത്ത്
നിന്നോടു ചേരാൻ...
പെയ്തു തോരാതെ തുള്ളികളായിറ്റു വീഴുമ്പോൾ
കൈവെള്ളയിൽ ചേർത്തോമനിക്കാൻ.
നിന്നിലെ നീയായി മാറാൻ.
നീ എനിക്കെന്നും ഒരു ഭ്രാന്താണ്,
നിന്റെ മത്തുപിടിപ്പിക്കുന്ന സ്നേഹം നല്കിയ ഭ്രാന്ത്
നിന്നെ തഴുകാൻ എന്റെയീ രണ്ടു കരങ്ങൾ മതിയാവില്ല
കാർത്തവീര്യർജ്ജുനന്റെ ആയിരം കൈകളെ കുറിച്ചു കേട്ടു
അതുപോലെ ആയിരം കൈകളാൽ നിന്നെ പുണരാൻ
എന്നിലേക്കിറ്റിക്കുന്ന ഓരോ തുള്ളിയും ആയിരമാക്കാൻ
നീ മാനത്ത് മാരിവില്ലായി തെളിയുമ്പോൾ
താഴെ പീലിനിവർത്തിയാടാൻ...
ഉള്ളിലെ മൗനത്തിന് നിറച്ചാർത്തേകാൻ,
വീണ്ടും വീണ്ടും നീ മാത്രമാകാൻ...
പ്രീയമോടെ നിറമിഴികളിൽ നീ ചുണ്ടമർത്തുമ്പോൾ
ഹൃദയത്തിലെ മുറിവുകളിൽ നീ വിരൽ തൊടുമ്പോൾ
വിരഹത്തിന്റെ നൊമ്പരം നീർച്ചാലുകളായി
ഒഴുകിയകലുന്നത് നിർവൃതിയോടെ നോക്കി നിൽക്കാൻ
നിന്നെ ഞാൻ പ്രണയിക്കുന്നു...മഴയോടെനിക്കെന്നും പ്രണയം.