(സജിത്ത് കുമാർ എൻ)
നാട്ടുവഴിയോരത്തെ മാമരപ്പൊത്തിൽ
കരൾ കോർത്തുറുങ്ങീ ഇണക്കിളികൾ.
നിലാവുചാഞ്ഞ ചില്ലയിൽ മാമ്പൂ വിരിഞ്ഞു
മധുവസന്തം വന്നു മാമരപ്പൊത്തിൽ
കിന്നരി പർണ്ണങ്ങളെ കിനാവു കണ്ടു
കൂട്ടിൽ അടയിരുന്നു പെൺകിളി
കൊക്കില്‍ ഈണം പകർന്നു നൽകി
കാവലായ് മാമരം ചുറ്റി പറന്നാൺകിളി
പക്ഷങ്ങളടർത്തീ മെത്തയൊരുക്കീ
സ്നേഹത്തിൻ ചൂട് വിരിച്ചാ കൂട്ടിൽ
അമ്മക്കിളിതന്നാലോല ചിറകു പുതച്ചു
അരുമക്കുരുന്നുകൾ ചൂടേറ്റുറങ്ങി
ചെഞ്ചിളം ചുണ്ടിന്റെ കൊതികാണാൻ
കൊഞ്ചൽകുറുമൊഴി കേൾക്കാൻ
കൊക്കു നിറയെ ഞാവൽച്ചാറുമായ് ആശപെരത്തു പറന്നണഞ്ഞാൺകിളി
മാമര പൊത്തില്ല മാമര ശിഖരമില്ലവിടെ
ചോരയുണങ്ങിയ മാമ്പൂ ശയ്യയിൽ
പിഞ്ചിളം ചിറകുകൾ മാറോടു ചേർത്തു
പ്രാണനറ്റു കിടക്കുന്നു അമ്മക്കിളി
ഞാവൽച്ചാറു ചുണ്ടിൽ പകർന്നു
കൊക്കുകൊണ്ടവൻ തൊട്ടു നോക്കീ
പിഞ്ചു ചിറകുകൾ ചലിക്കുന്നുവോ
കുഞ്ഞു മിഴികൾ തുറക്കുന്നുവോ
കൂടെപറക്കേണ്ട ഇണതൻ പ്രാണനു
നെഞ്ചിലെ തീയിൽ ചിതയൊരുക്കി
ഇന്നിന്റെ നോവിനെ ചിറകിലൊതുക്കീ
ചക്രവാള ചോപ്പിലലിഞ്ഞൂ വിഹഗം
നന്മ പൂക്കും മാമരത്തെ മഴുവിനേകി
നാട്ടുവഴികളിൽ ഇരുൾ ചായംപൂശി
നാട്ടിൽ നവവികസന പാത ഒരുക്കീ
നാട്ടുപച്ച നിറം പൊഴിച്ചു വിട ചൊല്ലീ
നാടും നഗരവും ഒററനിറമായെങ്കിലും
പാതയോരത്ത് ഇന്നും കേൾക്കുമാ
പിഞ്ചു ചിറകടി കേൾക്കാൻ കൊതിച്ച
പാവം കിളി തൻ ചിറകടി ശബ്ദം
പൂത്തിരുവാതിരകൾ എത്ര വരേണം
മാമര ശിഖരങ്ങൾ പൂത്തുലയാൻ
ചെറുകൂട് ചില്ലമേൽ മെനഞ്ഞെടുക്കാൻ