നഗരത്തിലെ
കൊടിയ വളവിൽ
ഒറ്റക്കു നിൽക്കുന്നൊരു മരമുണ്ടായിരുന്നു
ചിലപ്പോൾ വാഹനങ്ങളുടെ
ഒഴുക്കിനിടയിൽ
മുറിച്ചു കടക്കാൻ
ഇടം തേടുന്ന മുസാഫിർ
മറ്റു ചിലപ്പോൾ
ലോഹ നിർമ്മിതമായ അരഞ്ഞാണം ചുറ്റി
ആകാശം നോക്കി വിലപിക്കുന്ന
ഏകാകിയായൊരു
ബുദ്ധ ശിരസ്സ്
നിയോൺ വിളക്കുകളും
അങ്ങാടിക്കിളികളും
അവരവരുടെ
ദിക്കുകളിലേക്കുള്ള
പ്രയാണത്തിൽ
അതിന്റെ കൊടിയ മൌനത്തെ
ദിശാസൂചിയാക്കിയിരുന്നു
കൊടങ്കാറ്റും മഴയും
മാറി നിന്ന
ഇന്നലത്തെ അർദ്ധ രാത്രിയിൽ
ആ മരം കടപുഴകി വീണു
ഇപ്പോൾ
സീബ്രാ വരകളില്ലാത്ത
റോഡിനിരുപുറവും
ഞാനും നീയും മരങ്ങളായി നിൽക്കുന്നു
നമുക്കിടയിൽ വഹനങ്ങളുടെ പുഴയൊഴുകുന്നു.