ചില പ്രണയങ്ങൾ
ഹൃദയങ്ങൾ തമ്മിൽ
പരസ്പരം കൈമാറാനുള്ളതല്ല
മഞ്ഞു കാലത്ത്
ഒറ്റക്കുനിൽക്കുന്ന സൂര്യനെപ്പോലെ,
വഴിതെറ്റിയ ദേശാടനക്കിളിയുടെ
സഞ്ചാരം പോലെ
നിശ്ശബ്ദമായൊരു
സ്വീകാര്യതയാണത്.
അർത്ഥശങ്കക്കിടയില്ലാത്ത വിധം
പൂവണിയുന്ന വേദനകളിൽ,
നരകത്തിൽ നിന്ന് നരകത്തിലേക്കുള്ള
യാത്രയിൽ
അവ വഴിയോരക്കാഴ്ചകളാവും.
അപ്പോൾ മാത്രം
പുരാതനമായ ഒരു പാട്ടിന്റെ വരിയിലോ
വയലിനിലൂടൊഴുകുന്ന വിരലിന്റെ മൃദുലതയിലോ
അവിചാരിതമായി കണ്ണുടക്കിപ്പോകാം
കപ്പൽഛേദത്തിലകപ്പെട്ട
നാവികനെപ്പോലെ ഏകാന്തതയുടെ
ദ്വീപിൽ ഇലകളോടു സംസാരിക്കാം.
ചില പ്രണയങ്ങൾ പാഴ് വേലകളാണ്
തണുപ്പു കാലത്ത്
നെരിപ്പോടിനരികൽ
തൃപ്തി വരാത്ത ലിഖിതങ്ങളുടെ
കടലാസുകളെരിയുന്നത് നോക്കിയിരിക്കലാണ്.
ചില പ്രണയങ്ങളിൽ
കാമുകനോ കാമുകിയോ ഇല്ല
അത് ആകാശത്തിനും ഭൂമിക്കുമിടയിലെ
ശൂന്യത കൊണ്ടുള്ള മുറിവേൽക്കലാണ്.