(Shaila Babu)
മാസ്മര പ്രണയത്തിൻ
സമ്മാനപ്പൂമൊട്ടായ്
നെഞ്ചിലെ നോവിൻ
തുടിപ്പുമായി;
പിഞ്ചിളം കുരുന്നിനെ
മാറോടു ചേർത്തവൾ
നാടോടി വേഷത്തിൽ
നാടു ചുറ്റി!
അവിഹിതത്തൊട്ടി-
ലിലാടിയുറങ്ങുന്നു;
അച്ഛനെയറിയാതാ
പൈങ്കിളിയാൾ!
ഇനിയെത്ര നാളുക-
ളലയേണമേകയായ്;
ദുരിതദുഃഖത്തിൻ
ചുമടുമായി!
കുളിരുമിളം തെന്നൽ
പട്ടിൽ പൊതിഞ്ഞവൻ;
കളമൊഴിപ്പെണ്ണിൻ
വസന്തമായി!
നെറുകയിൽ കുങ്കുമ-
മണിയാൻ കൊതിച്ചവൾ,
നേരിന്റെ വീഥിയിൽ
കാവലായി!
ചിരിപ്പുക്കൾക്കിടയിലെ
ചതിയുടെ രശ്മികൾ;
മുഖം മൂടിയ്ക്കുള്ളി-
ലൊളിഞ്ഞിരിക്കെ...
മകരന്ദമായൊരാ
മാദക നിമിഷങ്ങൾ
മദചിത്ത വീണയിൽ
രോദനമായ്!
ഉന്മേഷമാകേണ്ടോ-
രുദരത്തുടിപ്പുകൾ;
ഉന്മാദ ഹൃദയത്തിൻ
വിങ്ങലായി!
തീമഴക്കാറ്റാകും
കരളിലെ കനലുകൾ,
തീരാത്ത ദു:ഖത്തിൻ
കളിയരങ്ങായ്!
അനിശ്ചിതമായിടും
അയന പഥങ്ങളിൽ
അദൃശ്യ കയങ്ങൾ
നിറഞ്ഞിടുമോ..?