കിനാക്കൾ പൂക്കുന്ന നിലാമരച്ചോട്ടിലെ
കരിഞ്ഞ പൂക്കൾ കൈക്കുടന്നയിൽ വാരി,
ചിതലരിച്ചതാം പഴയ സ്വപ്നങ്ങൾക്കെൻ്റെ
ചതഞ്ഞ കയ്യാലശ്രുപൂജയർപ്പിക്കുന്നു ഞാൻ!
കരളിനുള്ളിലെ പൊളിഞ്ഞു പോയൊരു
കപടസ്നേഹത്തിൻ അറ ദ്രവിക്കുന്നു.
ദ്രവിച്ചു തീരാറായ അറയ്ക്കകത്തിന്നും
ദയയ്ക്കു കാത്തൊരു മനസ്സിരിപ്പുണ്ട്!
മനസ്സിനുള്ളിലെക്കുഴിഞ്ഞ നേത്രങ്ങൾ
മുഷിഞ്ഞ ജാലകവിരി തെറുക്കുന്നു.
തെറുത്ത് വെച്ചിട്ടു,മടുത്ത സ്വപ്നത്തിൻ
തുറിച്ച കണ്ണിലെ ചലം തുടയ്ക്കുന്നു !
നരച്ച കാഴ്ചകൾ പഴുത്ത കണ്ണിലെ
നുരച്ചുപൊന്തുന്ന വെറുപ്പിൽ മുങ്ങുന്നു
വെറുപ്പിനാൽ ചെടിച്ചടഞ്ഞകത്തെന്നോ - വളർന്ന മാറാല വലവിരിയ്ക്കുന്നു!
അതിനകത്തിന്നു കുരുങ്ങി നിൽക്കയാ -
ണഹം പെരുത്തെൻ്റെ കൃശതജീവനം!