മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Krishnakumar Mapranam)

ശില്‍പ്പിയാൽ തീര്‍ത്തൊരു മൃണ്മയ ശില്‍പ്പങ്ങൾ
എന്തിനുവേണ്ടീ നീ തച്ചുടച്ചു
ആത്മാവിനുള്ളിലെ മോഹത്താല്‍ തീര്‍ത്തൊരു
മോഹനവിഗ്രഹമായിരുന്നു

തന്ത്രികള്‍മീട്ടുന്ന തംബുരുവൊക്കെയും
എന്തിനുവേണ്ടീ തകര്‍ത്തെറിഞ്ഞു
ആത്മരാഗങ്ങൾ പകരുവാനായി ഞാൻ
നിര്‍മ്മിച്ച തംബുരുവായിരുന്നു

പട്ടുതൂവാലയിൽ തുന്നിയചിത്രങ്ങൾ
എന്തിനുവേണ്ടീ തീയിലിട്ടു
ആത്മാനുരാഗത്തിൻ രോമാഞ്ചമുള്‍കൊണ്ടു-
തുന്നിയചിത്രങ്ങളായിരുന്നു

മൊട്ടുവിരിഞ്ഞുള്ള റോസാദളങ്ങളെ
എന്തിനുവേണ്ടീയറുത്തെടുത്തു
ആത്മാവിനുള്ളിലായ് പൊട്ടിവിടര്‍ന്നൊരു
ആര്‍ദ്രമാം സ്നേഹപ്പൂവായിരുന്നു

പുസ്തകതാളിലായെഴുതിയ കാവ്യങ്ങൾ
എന്തിനുവേണ്ടീ നീ ചാമ്പലാക്കി
ഹൃദയത്തിനുള്ളിലെ രക്തത്താല്‍ തീര്‍ത്തൊരു
രമണീയ കാവ്യങ്ങളായിരുന്നു

കുടചൂടിനില്‍ക്കുന്ന പൂമരമൊക്കെയും
എന്തിനുവേണ്ടീ പിഴുതെറിഞ്ഞു
ജീവിതവഴികളിലന്‍പിന്‍റെ തണലാകും
ജീവിതസ്വപ്നങ്ങളായിരുന്നു

ജൈവവൈവിധ്യമുറങ്ങുന്ന കാവുകൾ
എന്തിനുവേണ്ടീ നീ വെട്ടിമാറ്റി
ജീവന്‍തുടിയ്ക്കുന്ന നിത്യനിശ്ശബ്ദമാം
ജീവിതസ്പന്ദനമായിരുന്നു

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ