(O.F.Pailly)
പുലർകാലരാവിലെ പുതുമഴപോൽ,
പൂവമ്പനെ ഞാൻ കാത്തിരുന്നു.
പുതുപൂക്കളെങ്ങും പൂവണിഞ്ഞു,
പുതുമലർ ഗന്ധം തങ്ങിനിന്നു.
കരളിലെയാശയുണർന്നു മെല്ലെയെൻ,
മോഹങ്ങൾ സ്വപ്നച്ചിറകിലേറി.
മുഖരിതമാകുമെന്നന്തരംഗം,
നിൻ സുഖമുള്ള പ്രണയം ആസ്വദിക്കാൻ.
ആരാധനയാൽ നിറഞ്ഞു നിൽപ്പൂയെൻ,
അന്തരാത്മാവിനുള്ളിലെന്നും.
അനർഘ നിമിഷത്തിലൊന്നു ചേരാൻ,
അനുരാഗിണിയായ് കാത്തിരിപ്പൂ.
ആയിരം സ്വപ്നവസന്തങ്ങളിൽ,
നിന്നാത്മാവിലിടംതേടി ഞാനിരുന്നു.
ആതിരരാവിൽ അന്നു നീയെൻ,
അകതാരിലനുരാഗം പകർന്നുതന്നു.
വിടരുന്ന മോഹത്തിൽ നിൻസുഗന്ധം,
വിരഹത്തിലും ഞാനാസ്വദിപ്പൂ.