ഞാൻ മരിച്ചാൽ നിങ്ങളാരും വരരുത്...
അതിശയം വേണ്ട...
ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല...
എന്റെ സ്വർത്ഥമോഹങ്ങൾ കെട്ടിപ്പടുക്കുന്നതിന്
ഞാൻ നിങ്ങളെ ഉപയോഗിക്കുകയായിരുന്നു..
ഭ്രാന്തമായ എന്റെ മോഹങ്ങൾക്ക് വേണ്ടി
നിങ്ങളുടെ സമയവും മനസ്സും
ഞാൻ ദുരൂപയോഗപ്പെടുത്തി.
ഉമ്മയോട് പറയണം
എന്നെ വളർത്തി വലുതാക്കിയതിന്
പകരമായൊന്നും മതിയാവില്ല...
വാപ്പയോട് ഒന്നും പറയാനില്ല...
പറഞ്ഞുതീർക്കാൻ പറ്റാത്ത കടങ്ങളവരോടുണ്ട്
അൽപ്പ ദിവസം നിങ്ങൾ കരയും...
പിന്നെ മറ്റുള്ള ദിവസങ്ങളിൽ നിങ്ങൾ രണ്ടുപേരും
എന്നെക്കുറിച്ചു ചിന്തിച്ചു ആരും കാണാതെ
ഒരുപാട് കരയും...
പക്ഷെ...
തിരിച്ചുവരാനും ക്ഷീണമകറ്റാനും മാത്രമാണ്
ഞാൻ നിങ്ങളെയുപയോഗിച്ചിരുന്നത്...
എന്റെ മനസ്സിന് സമാധാനം കിട്ടാൻ,
എനിക്ക് സന്തോഷമായിട്ടിരിക്കാൻ
സുഹൃത്തുക്കളോട്...
നിങ്ങൾ എനിക്ക് ഒരു നേരമ്പോക്ക് മാത്രമായിരുന്നു...
എന്റെ ആവശ്യങ്ങൾക്കായി നിങ്ങളെ ഉപയോഗിക്കയായിരുന്നു..
നന്ദി പോലും പറയാതെ ഒരുപാട്
ഉപകാരങ്ങൾ ഞാൻ പിടിച്ചു വാങ്ങി...
എല്ലാം എന്നോടുള്ള സ്നേഹം കൊണ്ട്
നിങ്ങൾ ചെയ്തുതന്നിരിക്കുന്നു..
ക്ഷമിക്കണം...
ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്നില്ല....
നിങ്ങൾക്കെന്നെ വേണ്ടപ്പോൾ
എനിക്ക് മീറ്റിങ്ങുകളുണ്ടായിരുന്നു...
സംസാരിക്കാൻ വന്നപ്പോഴൊക്കെ
ഞാൻ തിരക്കിലായിരുന്നു.
പ്രിയപ്പെട്ടവളോട്...
വെറുതെ ഒരു തമാശക്ക് മാത്രം
നിന്റെ സമയങ്ങൾ കട്ടെടുത്തു ഞാൻ ആനന്ദിച്ചു...
ഭാവനയിലെ വേദനയ്ക്ക് നീയെത്ര
മധുരം ചാലിച്ച മരുന്നുകൾ നൽകി.
നിന്നെ മടുത്തപ്പോൾ
യാത്രപോലും പറയാതെ വഴികൾ
മാറി ഞാൻ യാത്ര പോയി...
മാപ്പിന് ഞാൻ അർഹനല്ല..
ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ല....
ഞാൻ മരിച്ചാൽ നിങ്ങൾ ആരെയും അറിയിക്കരുത്..
എന്നെ സ്നേഹിക്കുന്നവർക്കത് വേദനയുണ്ടാക്കും
ഞാൻ പരിചയപ്പെട്ടവരെല്ലാം വന്നാലും
അവരെ എനിക്ക്
തിരിച്ചറിയാൻ കഴിയില്ല...
എന്തെന്നാൽ
ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല...
എന്റെ ഖബർ നിങ്ങൾ വീതി കുറച്ചു കുഴിക്കണം..
ഒരടിയേക്കാൾ മെലിഞ്ഞത്...
എന്റെ മനസ്സുപോലെ ഇടുങ്ങിയത്...
മീസാങ്കല്ലിൽ എന്റെ പേര് എഴുതരുത്...
ആർക്കെങ്കിലും അതിലേക്ക് നോക്കുമ്പോൾ
കരച്ചിൽ വന്നാലോ...??
എന്റെ ഡയറി നിങ്ങൾ കത്തിച്ചു കളയണം..
വരവുചിലവുകളുടെ മടുപ്പിക്കുന്ന
കണക്ക് മാത്രമാണ് അതിലുള്ളത്...
നേടേണ്ട ഭ്രാന്തമായ ഭൗതിക ത്വരകളുടെ
അനുച്ഛേദനങ്ങൾ മാത്രമേ അതിൽ കാണാനാവൂ...
കാരണം
ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല....
ഞാൻ നേടിയതെല്ലാം നിങ്ങളെന്റെ
മയ്യിത്തിനു അടുത്ത് വെക്കണം...
സത്യമായ യാത്രയിൽ ഒഴിഞ്ഞ
കൈകളാണെന്നു അന്നെങ്കിലും
ഞാൻ മനസ്സിലാക്കട്ടെ...
ഞാൻ മരിച്ചാൽ ആരും കരയരുത്.
വഴിയിലെ കുറ്റിച്ചെടിയിലിത്തിരി
വെള്ളമൊഴിച്ചു പോകുംപോലെ
നിങ്ങൾ തിരിച്ചു നടന്നേക്കണം
എന്തെന്നാൽ
ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല...