ഉത്തര ഖണ്ഡത്തിലെ
*ജ്യോതിർമഠ് പ്രവിശ്യയിൽ,
ഭൂമിയിലൊരു വിള്ളൽ
നാടിനെ നടുക്കുമ്പോൾ;
അദ്വൈതമന്ത്രത്തിന്റ
സ്പന്ദനം ശ്രവിച്ചയാ,
ഭിത്തികളെന്തേ പൊട്ടി
കണ്ണുനീരൊഴുക്കുവാൻ?
അദ്വൈതഭാവം വെട്ടി
തുണ്ടുതുണ്ടാക്കി ചാക്കിൽ,
വില്പനക്കായി തുന്നി
വെച്ചതു കണ്ടിട്ടാണോ?
വർധിത ശോകത്താലെ
ജനകാത്മജ പൊട്ടി -
ക്കരഞ്ഞു വിളിച്ചപ്പോൾ,
പുത്രിതൻ ശോകം കണ്ടു;
അശ്വമേധത്തിൻ തറ
വിണ്ടതിൽ നിന്നും ധര
സൗവർണ പീഠം പേറി
സീതയെക്കൂട്ടാനെത്തി!
ഇന്നിവിടൊഴുകുന്ന
കദനക്കണ്ണീരിന്റെ
ദുഷ്പ്രഭാവത്താലാണോ
വിള്ളൽ വാ പിളർക്കുന്നു?
ചന്ദ്രഗോളത്തിൻ തറ-
ക്കല്ലുകൾ തിരയുന്ന,
ശാസ്ത്ര നേത്രത്തിന്നെന്തേ
തിമിരം ഗ്രസിച്ചുവോ?
മണ്ണിനെ കരിച്ചൊട്ടു
ചാരമായ്ത്തീർക്കാൻ പറ്റും
ആണവശാസ്ത്രത്തിനും
ഉത്തരം ലഭിച്ചില്ലേ?
ഭീകര വിപത്തിന്റെ
ഭൂതങ്ങൾ കലിതുള്ളി
വാപിളർന്നെത്തുന്നേതു
ദുഷ്ടനെ വിഴുങ്ങുവാൻ?
-----------------
*ജ്യോതിർമഠ്= ജോഷിമഠ്