മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Saraswathi T)


അരികിൽ നീയണയായ്കിലകതാരിൽ വിരിയുമീ -
യരുമയാം മലർവാടിയിതെന്തിനായീ!

അഴിച്ചുമാറ്റട്ടെ ഞാനീയഴകാർന്ന കാർ കൂന്തലിൽ
മനോജ്ഞമായണിഞ്ഞൊരീ മലർമാലിക..

കപോലത്തിൽ തെളിയുന്നമൃദുലമാം തലോടലിൻ
കുളിരാർന്നോരനശ്വരപ്രണയസാക്ഷ്യം

കഴുകട്ടെ മിഴിനീരിന്നൊഴുക്കിനാലിനിമേലിൽ
കരളിലായവയൊന്നും തെളിഞ്ഞിടാതെ,

ഒരിക്കലുമിനിയെന്റെ മലരിതൾ മൃദുവാർന്നോ-
രധരത്തിൽ മൃദുസ്‌മേരം വിരിയുകില്ലാ...

ഇനിയെന്റെ പുലരികൾ കിളിനാദമുഖരിത
മധുരിതപുളകമിതറികയില്ലാ...

മഴവില്ലിൻ ചാരുതയും മനമേറെരമിച്ചുള്ള
മഴമേഘനിനാദവും ഇനിയുമില്ലാ

സമയതീരങ്ങളെ നാം തഴുകിമുന്നേറിടുമ്പോൾ
സ്മരണയിൽ തെളിയുന്ന മധുരചിത്രം!

മറവിതന്നഗാധമാം പടുകുഴിയിലേക്കവ
മടിക്കാതെമറക്കാനായുപേക്ഷിച്ചിടാം ..

നിനവിനെ നിയന്ത്രിക്കാം നിന്റെസാമീപ്യമെത്താൻ
കുതിക്കുമെന്നാശകളെ തടവിൽവയ്ക്കാം

ഒരിക്കലുമവ ഭവൽ സവിധത്തിലോടിയെത്തി -
യഴകോലുംമിഴിയിണ നനച്ചുകൂടാ..

അവിടെനിൻ നവനീത സമാനമാംമാനസത്തെ -
യൊരുനാളുമഴൽ നൽകിയുലച്ചുകൂടാ...

കരളിനെമഥിച്ചിടും കദന ചിന്തകളെ നാം
കമനീയ ഹാരമാക്കിക്കൊരുത്തിടുമ്പോൾ

കവിളിണതഴുകിടും സുരുചിരമിളംതെന്നൽ
കരുതലായ്ചാർത്തിടട്ടെ കവിളിണയിൽ!

ഇതുനിനക്കായിമാത്രം മനസിൽഞാൻകുറിച്ചിട്ട
മൃദുലമാംജല സാന്ദ്രമധുരഗീതം !!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ