(Saraswathi T)
മാനവൻ! എന്തു മനോഹരമാംപദം
മാധുര്യമോലുമനുഭവമെത്രയോ
കാലങ്ങളായ്പകർന്നീവിശ്വധാത്രിയാമമ്മയെ,
ഭൂമിയെ, വിണ്ണിന്റെ ചേതനാഭംഗിനൽകി
പുനർചിന്തനംചെയ്തങ്ങുണർത്തിയ നാളുകൾ
ഉണ്ടായിരുന്നൊരാനന്മതൻനാളുകൾ
ഏറെസ്ഫുടംചെയ്തസംസ്കാരസഞ്ചയം ......!
ഞാനാണു വാഹിനി,വേഗപ്രവാഹമാർ -
ന്നെന്നുമവനെയെൻ
നെഞ്ചോടണച്ചതുമത്രയുമാർദ്രമായ്
ചേതോഹരക്കാഴ്ചതീരത്തൊരുക്കിയെൻ
സാമഗാനശ്രുതി സൗമ്യമായ്മൂളിയും
കൂട്ടിന്നുപുൽകളെ, പൂക്കളെ, നൽക്കൊച്ചു -
പൂമ്പാറ്റകളെയും പൂവല്ലികൾകൊണ്ടു തീർത്തൊരാ
വള്ളിക്കുടിലുമതിന്നകത്തേറെ
കുളിരോലുമാനിത്യവനഭംഗിയും
തമ്മിൽപരസ്പരംസ്നേഹിച്ചുഞങ്ങ _
ളന്നത്രയുംവിശ്വസ്തരായ് ദിനരാത്രങ്ങൾ
ചെമ്മേ കഴിഞ്ഞുപോയ് കാലമതിന്നെത്ര
വേഗതയാർന്നുപിന്നെത്രതലമുറ
വന്നുപോയ്, മണ്ണിലെയുണ്ണികൾ വീണ്ടുംവളർന്നുപോയേവരും!
കാലങ്ങൾചെല്ലവേനീതിയുംധർമവും സത്യമസത്യവും കീഴ്മേൽമറിയവേ
മൂല്യങ്ങളെന്തെന്നറിയാത്ത നാളുകൾ താനേ മറന്നു തായ്വേരും മറന്നവൻ
തായ്മൊഴി തള്ളിപ്പറഞ്ഞു ജനനിയെ
താമസിപ്പിക്കാനിടംതേടി ദൂരെയാപാതയിൽ തള്ളിയ
കണ്ണീർ കദനകഥകളായ് പെയ്തതും
രമ്യഹർമ്യങ്ങൾപോൽ മോടിയാർന്നുള്ള
ഭവനങ്ങൾ മാത്സര്യപൂർവ്വമായ് തീർത്തതും
മണ്ണുംമഴയുമീ വിണ്ണും വിഷലിപ്തമാക്കിയും
നല്ല ചൊരിമണൽവാരിയെടുത്തുചുഴികൾകയങ്ങളും
മാരണകാരണമായി നിർമിച്ചതും
സ്വപ്നങ്ങളേറെപ്പൊലിഞ്ഞതും
ദു:സ്വപ്ന ജീവിതം ശിഷ്ടമായ്ത്തീർന്നതുമെത്രനാൾ!
ഒന്നുമൊരു പോലെയാവില്ല കുന്നിനും
കാലാന്തരത്തിൽവരും മാറ്റമെന്ന മൊഴിയതുസത്യമായ്
ത്തീരുമൊരുനാൾ!
നേർത്തൊരഴുക്കു പോൽ ഹീനമായ് തേങ്ങുന്ന
മാത്രാവശിഷ്ടയാം വാഹിനി വീണ്ടുമുയിർക്കുമൊരുനാൾ
തീരംതകർത്തു പാഞ്ഞെത്തും പ്രളയവും
തീർത്തുമന്നെല്ലാമതിൽ മുങ്ങിടും നേരമന്നോർത്തിടുംനീനിന്റെ ചെയ്തികൾ
മർത്ത്യനിൻവ്യർത്ഥമാമത്യാഗ്രഹത്തിന്റെ ഗാഥകൾ !
ഹേ! മന്ദഗാമിനീ,മോഹപ്രവാഹി നീ
നമ്രശിരസ്ക്കയായ് നിൻ മൃദുസ്മേരമായ്
വീണ്ടുമൊഴുകീടുക, ശാന്തയായ് സൗമ്യയായ്!