(Saraswathi T)
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓടിയകന്നൊരെൻ പുണ്യഗ്രാമം ...!
ഓണനിലാവും കുളിർത്തെന്നലും
ഓരായിരം കിളിക്കൊഞ്ചലുമായ്
ഓടി വന്നെത്തുന്നിതോരോദിനങ്ങളും
ഓരിതൾ പൂവിന്നഴകാർന്നപോൽ!
ഒന്നുമെനിക്കു മറക്കുവാനാകില്ല
ഓർമയിലിന്നും തെളിവാർന്നവ
കർക്കിടകത്തിലെ പേമാരിയും
കരിംപച്ചയണിഞ്ഞൊരാ പാടങ്ങളും
ചിങ്ങനിലാവിന്നൊളി പരന്ന -
സ്വർണക്ക തിരുകൾ, പൂക്കളങ്ങൾ!
പുന്നെല്ലരിച്ചോറും പുത്തൻപുടവയും
പൂവിളിയെങ്ങും നിറഞ്ഞനാൾകൾ!
പിന്നെ വന്നെത്തുന്നൊരാതിരയും
ഊഞ്ഞാലിലാടുന്ന കുഞ്ഞുങ്ങളും..
മകരമാസക്കുളിർ തൈത്തെന്നലും
മഞ്ഞണിഞ്ഞെത്തും പുലർവേളയും
കാവിലെപ്പൂരവും വേലയും കാണുവാൻ
ഓടി വന്നെത്തുന്ന കൂട്ടുകാരും
എങ്ങനെയീ വർണചിത്രങ്ങളെ ..
എന്റെ മനസ്സു മറന്നു പോവാൻ!