(Ramachandran Nair)
ഏതോ കിനാവിന്റെ പൂഞ്ചില്ലയിൽ നമ്മൾ,
കൂടുകൂട്ടിപ്പാർത്തൊരു നാളുകൾ...
മായുമോ മനസ്സിൽ നിന്നുമെന്നെങ്കിലും
കാലമെത്രയോടിയകന്നാലും!
എത്ര ശരത്കാലങ്ങൾ നമുക്കു മുന്നിൽ,
വീണുടഞ്ഞിലപൊഴിച്ചുവല്ലോ!
എത്ര വസന്തങ്ങൾ പൂമാല ചാർത്തിക്ക-
ടന്നുപോയിന്നു നമുക്കു മുന്നിൽ!
പൂത്താലവുമായിട്ടെത്ര ഹേമന്തങ്ങൾ,
മഞ്ഞല ചാർത്തിക്കടന്നു പോയി!
എത്രയോ ഗ്രീഷ്മവും ശിശിരവും വാടി-
ക്കൊഴിഞ്ഞു വീണു നമുക്കു മുന്നിൽ!
കാലങ്ങളെത്ര കൊഴിഞ്ഞു വീണെന്നാലും,
പ്രായമെത്ര പൊഴിഞ്ഞു വീണാലും...
ഓർമകൾ പോയ്മറയുമോ മനുഷ്യനിൽ,
ജീവൻ നിലനിൽക്കുന്നിടത്തോളം!