ഞാനുമൊരു ജീവി, മനുഷ്യനെപ്പോലെ,
വിശപ്പിന്റെ,യുൾവിളിയറിയുമൊരു ജീവി.
തിന്നുവാനല്ലാതെ കൊല്ലില്ലയൊന്നിനേം,
തിന്മകൾ ചെയ്യുവാൻ പോന്നോനല്ല.
കാടുവിട്ടെങ്ങും വാഴുവോനല്ല,
കൂട്ടരെ കാടുകടത്തുവോനല്ല.
കാടിന്റെ രോദനം കേട്ടുപോയ് ഞാനും
ഇരതേടി നീങ്ങിയ നാളിലന്ന്.
അന്നം കവർന്നോൻ മരിക്കും നാട്ടിൽ,
പ്രാണഭയത്താൽ ഞാനുമന്നോടി!
മൃത്യുവെൻ കണ്ണിലിരുട്ടു നിറച്ചു,
കൂപത്തിലേക്കെന്നെ മാടിവിളിച്ചു.
രക്ഷകരാകുവാ,നെത്തിയോർക്കു,
ഭയമായിരുന്നല്ലോ ചിന്തനങ്ങൾ!
എന്നിലെ ബോധമകറ്റുവാനായ്,
നിദ്രതൻ വെടിപ്പുക മേനിയിൽ പൂശി.
മനസ്സേതോ മായാപ്രപഞ്ചത്തിലേക്കാ-
യൊരല്പനേരം യാത്രപോയി.
ഭാരം താങ്ങുവാനാവാതെ,യോളങ്ങൾ,
എന്നോടൊപ്പ,മാഴം തിരഞ്ഞു.