ദൂരെയുള്ളോരാ
സ്വപ്നത്തിൻ ഭൂമിയിൽ,
മരുവുമെൻ പ്രിയ-
നാഥനിങ്ങെത്തുവാൻ;
മനമുരുകുന്ന
പ്രാർത്ഥനയോടെ ഞാൻ,
കഴിയുകയാണീ
മൂകമാം വീഥിയിൽ!
പ്രിയ വിരഹത്തിൽ
വിങ്ങും മനസ്സുമായ്,
ഇവിടെ ഞാനുണ്ടീ-
യേകാന്ത ഭൂമിയിൽ,
കദനമാകെ നിറഞ്ഞ
ഹൃദയത്തിൽ,
ഒരു കുളിർ തെന്നലാണു
നിന്നോർമ്മകൾ!
എവിടെയെൻ പ്രിയൻ
വന്നില്ലിതുവരെ...
ഇനിയുമെത്ര നാൾ
കാത്തിരിക്കേണം ഞാൻ!
ഹൃദയ തന്ത്രികൾ
ആകവേ മൂകമായ്,
മഞ്ജീരങ്ങൾ ധ്വനി-
യുണർത്താതെയായ്!
തഴുകുവാനായി സൂര്യാംശു
ത്തുമ്പോളുരുകി മാറുന്ന-
നീഹാര ബിന്ദുപോൽ,
പ്രണയലോലമാം
നിന്റെ തലോടലിൽ,
അലിയുമെന്റെ
കദനങ്ങളൊക്കെയും!
തവ മനോഹര ചിത്രവും
പാർത്തു ഞാൻ,
വിരഹ ദുഃഖം മറക്കാൻ
ശ്രമിക്കട്ടെ!
ദൂരെയുള്ളോരാ
സ്വപ്നഭൂവിൽ നിന്നും,
നീ വരുന്നതും
കാത്തിരിക്കട്ടെ ഞാൻ.
വരിക വേഗം നീയെൻ
സ്വപ്നഭൂമിയിൽ,
തളിരിടട്ടെ തരുക്കൾ
ലതകളും.
പ്രണയവല്ലികൾ
പൂത്തുല്ലസിക്കട്ടെ,
ഭ്രമര വൃന്ദങ്ങൾ
പാറിക്കളിക്കട്ടെ!
നിൻ പദ സ്വനം
കേൾക്കുവാൻ
കാതോർത്തു
മരുവിടട്ടെ ഞാൻ
നീ വരുവോളവും.